കായ ലോറിയില്‍ ഒളിച്ചുകടത്തിയ അഞ്ചുകിലോ കഞ്ചാവ് പിടികൂടി
തൃശൂര്‍: കായ ലോറിയില്‍ ഒളിച്ചുകടത്തിയ അഞ്ചുകിലോ കഞ്ചാവ് തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവും തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ നിന്ന് പിടികൂടി. ലോറി ഡ്രൈവര്‍ ഇടുക്കി കട്ടപ്പന പാന്പാടുംപാറ കടുക്കാസിറ്റി പുളിയന്മല സ്വദേശി താമരകുളത്തില്‍ കറുപ്പസ്വാമിയെ(38) അറസ്റ്റു ചെയ്തു.
കമ്പം തേനി ഭാഗത്തു നിന്നും തൃശൂരിലേക്കും എടപ്പാളിലേക്കും കായ കയറ്റിക്കൊണ്ടുപോകുന്ന ലോറിയുടെ കാബിനകത്തെ സീറ്റിനടിയിലാണ് പാക്കറ്റുകളിലാക്കി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ തൃശൂര്‍ എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ സി.ആര് പത്മകുമാറിന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ സി.സി വിന്‍സന്റ്, പ്രിവന്റീവ് ഓഫീസര്‍ എം.എസ്.സജി, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം.കെ.കൃഷ്ണപ്രസാദ്, വി.എം വിപിന്‍, ടി.സി ജോയ്, എ.അനില്‍, എന്‍.എം മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ശക്തന് മാര്‍ക്കറ്റിനു സമീപം കായ ലോഡിറക്കാനായി പാര്‍ക്കു ചെയ്തിരിക്കുകയായിരുന്ന ലോറി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയില്‍ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്.
കായ കൊണ്ടുവരുമ്പോള്‍ ഇതിനു മുമ്പും ഇയാള്‍ ഇത്തരത്തില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന സൂചന. ആര്‍ക്കുവേണ്ടിയാണ് ഇത് കൊണ്ടുവന്നതെന്ന് വ്യക്തമായിട്ടില്ല. ആലുവ പൊലിസില്‍ ഇയാള്‍ക്കെതിരെ നേരത്തെ ഒന്നേകാല്‍ കഞ്ചാവ് കടത്തിയ സംഭവത്തില്‍ കേസുണ്ട്. കായകള്ക്കിടയില് ഒളിപ്പിച്ചാല്‍ ചെക്പോസ്റ്റില്‍ പരിശോധനക്കിടെ പിടികൂടുമെന്നതിനാലാണ് കാബിനില്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചത്.
ലോറി എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പ്രതി ലോറി വാടക്കെടുത്ത് ഓടിക്കുകയാണ്. കിലോയ്ക്ക് ഇരുപതിനായിരം രൂപയ്ക്കാണ് ഇയാള്‍ കഞ്ചാവ് വില്‍ക്കുന്നത്.തൃശൂര്‍ ജില്ലയില്‍ വ്യാപകമായി പച്ചക്കറി വണ്ടികളില്‍ കഞ്ചാവ് കടത്തുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് കഞ്ചാവ് മൊത്തകച്ചവടക്കാരിലെ പ്രധാനിയായ കറുപ്പുസ്വാമി പിടിയിലായത്. മൈസൂര്‍ മാംഗോ എന്ന പേരില്‍ വിപണിയില്‍ വളരെ ഡിമാന്റുള്ള കഞ്ചാവാണ് ഇയാള്‍ കടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."