സി.പി.ഒ കുമാറിന്റെ ദുരൂഹമരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
പാലക്കാട്: സായുധ പൊലിസ് ക്യാംപിലെ സിവില്‍ പൊലിസ് ഓഫിസര്‍ അഗളി സ്വദേശി കുമാറിന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്ന് പാലക്കാട് പൊലിസ് മേധാവി ജി. ശിവവിക്രം അറിയിച്ചു. ഇക്കാര്യത്തില്‍ പൊലിസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സമാന്തരമായി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കും. അസ്വാഭാവിക മരണത്തെക്കുറിച്ച് നിലവില്‍ അന്വേഷിക്കുന്നത് ഡി.സി.ആര്‍.ബി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. വകുപ്പുതല പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഏഴു പേരെ സസ്‌പെന്‍ഡ് ചെയ്തതെന്നും ശിവവിക്രം പറഞ്ഞു.
ക്യാംപില്‍ ജാതീയ വിവേചനം നടന്നതായി കണ്ടെത്തിയിട്ടില്ല. മര്‍ദിച്ചതിനുള്ള തെളിവും പ്രാഥമികാന്വേഷണത്തില്‍ ലഭിച്ചിട്ടില്ല. വിശദമായ അന്വേഷണം നടക്കും. സംഭവത്തില്‍ ക്യാംപിന്റെ ഡെപ്യൂട്ടി കമാന്‍ഡന്റ് ഉള്‍പ്പെടെ, പരാതിയില്‍ പറയുന്ന സമയങ്ങളില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവരുടെ മുഴുവന്‍ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാംപില്‍ ഡ്യൂട്ടി നിശ്ചയിക്കുന്നതില്‍ വിവേചനം ഉണ്ടായിട്ടുണ്ടോ എന്നും പരിശോധിക്കും.
അതേസമയം കുമാറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് ക്യാംപിലെ ഏഴു പൊലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. കുമാറിന് ക്വാര്‍ട്ടേഴ്‌സ് അനുവദിക്കുന്നതില്‍ ഉണ്ടായ അപാകത, അനുമതി ഇല്ലാതെ കുമാറിന്റെ സാധനങ്ങള്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്ന് മാറ്റിയത്, മൊബൈല്‍ ഫോണും ക്വാര്‍ട്ടേഴ്‌സിന്റെ താക്കോലും പിടിച്ചുവച്ചത് എന്നീ വീഴ്ചകള്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കല്ലേക്കാട് എ.ആര്‍ ക്യാംപിലെ എ.എസ്.ഐ എം. റഫീഖ്, ഗ്രേഡ് എ.എസ്.ഐ ഹരിഗോവിന്ദന്‍, എസ്.സി.പി.ഒ മുഹമ്മദ് ആസാദ്, സി.പി.ഒമാരായ മഹേഷ്, എസ്. ശ്രീജിത്ത്, കെ. വൈശാഖ്, ജയേഷ് എന്നിവരെയാണ് അന്വേഷണം പൂര്‍ത്തിയാകും വരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."