മുള്‍മുനയില്‍ രണ്ടുനാള്‍; ഇയാസിനായി തെരച്ചില്‍ തുടരുന്നു
തെരച്ചില്‍ നിര്‍ത്തിപ്പോകാനൊരുങ്ങിയ ഫയര്‍ഫോഴ്‌സിനെ നാട്ടുകാര്‍ തടഞ്ഞു
കട്ടാങ്ങല്‍: ശനിയാഴ്ച ഉച്ചയ്ക്ക് പുള്ളാവൂര്‍ കുറുങ്ങാട്ട്കടവില്‍ ഒഴുക്കില്‍പ്പെട്ട മലയമ്മ അമ്പലമുക്ക് തടായില്‍ നാസറിന്റെ മകന്‍ ഇയാസിനെ ഇനിയും കണ്ടെത്താനായില്ല. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ ശനിയാഴ്ച തെരച്ചില്‍ ആരംഭിച്ചിരുന്നെങ്കിലും വൈകിട്ട് ആറോടെ തെരച്ചില്‍ നിര്‍ത്തിപ്പോയിരുന്നു.
തുടര്‍ന്ന്, ഇന്നലെ രാവിലെ പതിനൊന്നോടെയാണ് ഉദ്യോഗസ്ഥര്‍ തിരിച്ചെത്തി തെരച്ചില്‍ ആരംഭിച്ചത്. എന്നാല്‍, വൈകിട്ട് ആറരയോടെ വീണ്ടും തെരച്ചില്‍ നിര്‍ത്തിപ്പോകാനൊരുങ്ങിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. രണ്ടു ദിവസമായിട്ടും ഇയാസിന്റെ തിരോധാനത്തില്‍ പുരോഗതിയൊന്നുമില്ലാതിരുന്നിട്ടും ജില്ലാ കലക്ടറടക്കമുള്ളവര്‍ ഇടപെടാത്തതില്‍ കുടുംബവും നാട്ടുകാരും അമര്‍ഷത്തിലാണ്. ഫയര്‍ഫോഴ്‌സ് നാട്ടിലെ യുവാക്കള്‍ക്കും മുങ്ങല്‍ വിദഗ്ധര്‍ക്കുമൊപ്പം ചേര്‍ന്ന് ഏറെനേരം പുഴയില്‍ തെരച്ചില്‍ നടത്തിയതല്ലാതെ ഡിപ്പാര്‍ട്ട്‌മെന്റ് തലത്തില്‍ ഒരു ഇടപെടലുമുണ്ടായില്ലെന്നും നാട്ടുകാര്‍ ആക്ഷേപിക്കുന്നു.
കൊടുവള്ളി, ചാത്തമംഗലം പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് കുറുങ്ങാട്ട്കടവുള്ളത്. ഇവിടെ അധികൃതര്‍ മുന്നറിയിപ്പ് ബോര്‍ഡുകളൊന്നും സ്ഥാപിച്ചിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. ഇന്നലെ വൈകിട്ടു ജനങ്ങള്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതോടെ കുന്ദമംഗലം എസ്.ഐ ഇടപെട്ട്, ഫയര്‍ഫോഴ്‌സ് സംഘം തെരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ഇനിയും കണ്ടെത്താനായില്ലെങ്കില്‍ ഇന്നു രാവിലെ വിദഗ്ധ പരിശീലനം സിദ്ധിച്ച മറ്റൊരു സംഘത്തെ ഇറക്കും.
ആര്‍.ഇ.സി.വി.എച്ച്.എസ്.സിയില്‍ പഠനം പൂര്‍ത്തിയാക്കി ബിരുദ പ്രവേശനത്തിനു തയാറെടുക്കുകയായിരുന്നു ഇയാസ്. പിതാവും മാതാവും മൂന്നു സഹോദരങ്ങളുമടങ്ങിയതാണു കുടുംബം. എം.എല്‍.എമാരായ പി.ടി.എ റഹീം, കാരാട്ട് റസാക്ക് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."