വിദ്യാര്‍ഥികള്‍ പഠനവഴിയില്‍ നിന്ന് ഒളിച്ചോടുന്നു; വഴിതെറ്റിക്കുന്നത് മൊബൈല്‍ ഫോണ്‍
കോഴിക്കോട്: വിദ്യാര്‍ഥികളെ പഠനരംഗത്തുനിന്ന് വഴിതെറ്റിക്കുന്നതില്‍ പ്രതിസ്ഥാനത്ത് മൊബൈല്‍ ഫോണ്‍. സോഷ്യല്‍മീഡിയ അറിവിന്റെ അനന്തസാധ്യതകള്‍ തുറന്നിടുമ്പോള്‍ തന്നെ കുട്ടികളെ അവയുടെ അടിമകളാക്കി തീര്‍ത്ത് വഴിതെറ്റിക്കുന്നുമുണ്ട്. കോഴിക്കോട്ടെ ആശുപത്രികളില്‍ മൊബൈല്‍ ഫോണിന്റെയും മറ്റും അടിമകളായ നിരവധി കുട്ടികളെയാണ് അടുത്തകാലത്ത് പ്രവേശിപ്പിച്ചത്. അഞ്ചിലേറെ പ്രമുഖ ആശുപത്രികളിലും രണ്ടു മെഡിക്കല്‍ കോളജുകളിലുമായി ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള നൂറിലേറെ വിദ്യാര്‍ഥികളെയാണ് ഈ അവസ്ഥയില്‍ പ്രവേശിപ്പിച്ചത്.
ലോകാരോഗ്യ സംഘടന ഈ വര്‍ഷം മാനസികാരോഗ്യ ദിനാചരണത്തിലെ പ്രധാന വിഷയം തന്നെ യുവജനങ്ങളിലെയും കൗമാരക്കാരിലെയും മാനസിക രോഗങ്ങളെക്കുറിച്ചുള്ള അവബോധമാണ്. ഈ വിഷയം തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണവും പല മനോരോഗങ്ങളുടേയും ആരംഭം 15 വയസിനും 25 വയസിനും ഇടക്കായതുകൊണ്ടാണ്.
യുവജനങ്ങളിലും കൗമാരക്കാരിലും ഇപ്പോള്‍ കൂടുതലായി കാണപ്പെടുന്ന പ്രശ്‌നം തന്നെ ഇലക്‌ട്രോണിക് ഉപകരണങ്ങളോടുള്ള അടിമത്വമാണ്. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് , സെല്‍ഫി, ഗെയിം ഡിസോര്‍ഡര്‍ അഡിക്ഷന്‍ ഇതെല്ലാം വളരെ വ്യാപകമാകുന്നതായി കെ.എം.സി.ടി മെഡിക്കല്‍ കോളജിലെ സൈക്യാട്രിക് പ്രൊഫസര്‍ ഡോ. പി.എന്‍ സുരേഷ് കുമാര്‍ സുപ്രഭാതത്തോട് പറഞ്ഞു.
ആശുപത്രികളിലെ ഒ.പികളിലും അഡ്മിഷനുകളിലെ കണക്കുകളും പരിശോധിക്കുമ്പോള്‍ ഇത്തരത്തിലുള്ള കേസുകള്‍ ഭീകരമായി വര്‍ധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ പത്താം ക്ലാസു മുതലുള്ള കുട്ടികള്‍ മുതല്‍ കോളജ് വിദ്യാര്‍ഥികള്‍ വരെയുണ്ട്. ഇവര്‍ രാത്രിയില്‍ ഉറക്കം കളഞ്ഞാണു മൊബൈല്‍ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത്. നിരന്തരമുള്ള ഉപയോഗം ഇവരെ അടിമകളാക്കിത്തീര്‍ക്കുകയാണ്. പിന്നീട് അവര്‍ വിചാരിച്ചാല്‍ പോലും രക്ഷ സാധ്യമാകുന്നില്ല. ഇതുമൂലം പഠനത്തില്‍ പിറകിലാകുന്നു. അത് വീട്ടിലും സ്‌കൂളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. പലപ്പോഴും ഇവരുടെ പ്രവര്‍ത്തനങ്ങള്‍ കുടുംബത്തിലും സ്‌കൂളിലും ഗുരുതരമായ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
ദിവസത്തില്‍ മൂന്നു തവണയെങ്കിലും സെല്‍ഫിയെടുത്ത് അതു സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് ലൈക്കിനും ഷെയറിനും കാത്തിരിക്കുന്നവര്‍ സെല്‍ഫി അഡിക്റ്റുകളാണ്. മലയാളികളിലാണ് ഇത്തരം പ്രവണത കൂടുതലായി കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."