മാലൂരില്‍ സഞ്ചാരികളുടെ തിരക്കേറുന്നു
ഉരുവച്ചാല്‍: മാലൂര്‍ പ്രദേശത്തിന്റെ അഭിമാനമായ രണ്ട് പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും സന്ദര്‍ശകരുടെ ഒഴുക്ക് വര്‍ധിക്കുന്നു. ശിവപുരം പാലുകാച്ചിയിലും മാലൂര്‍ പുരളി മലയിലുമാണ് സന്ദര്‍ശകപ്രവാഹം. വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളം വൈവിധ്യങ്ങളുടെ കലവറകളാണ് മാലൂര്‍ പഞ്ചായത്തിലെ പാലുകാച്ചിയും പുരളി മലയും. സമുദ്രനിരപ്പില്‍ നിന്ന് മൂവായിരത്തോളം അടി ഉയരത്തില്‍ നില്ക്കുന്ന പാലുകാച്ചി പാറയുടെ സൗന്ദര്യം കാണാന്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് ആളുകള്‍ എത്തിച്ചേരുന്നുണ്ട്. പഴശ്ശിരാജയുടെ ഒളിപ്പോര് സങ്കേതമായിരുന്ന പുരളിമലയോടു ചേര്‍ന്നു പ്രദേശമാണിത്.
കൊട്ടിയൂര്‍ തീര്‍ഥാടനവുമായി ഐതിഹ്യബന്ധമുള്ള സ്ഥലമായതിനാല്‍ ഒട്ടേറെ സന്ദര്‍ശകരാണ് ഇവിടെയെത്തുന്നത്. സമുദ്രനിരപ്പില്‍നിന്ന് 3,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന പുരളിമല അപൂര്‍വ സസ്യങ്ങളുടെയും പക്ഷികളുടെയും ആവാസകേന്ദ്രമാണ്. പ്രകൃതിരമണീയമായ പുരളിമലയില്‍ ഇക്കോ ടൂറിസം പദ്ധതിക്കായി 3.33 കോടി രൂപയുടെ എസ്റ്റിമേറ്റ് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. മലയുടെ ഒരു ഭാഗത്തേക്കു റോഡും നിര്‍മിച്ചിട്ടുണ്ട്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് ഇവിടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം റോപ്പ്വേ, കളിസ്ഥലം, പോളി ഹൗസ്, ലൈറ്റിങ്, മഡ് ഹൗസ്, ലാന്‍ഡ് സ്കേപ്പിങ്, ടൂറിസം ഫെസിലിറ്റേഷന്‍ സെന്റര്‍, സണ്‍ സെറ്റ് വ്യു, വാച്ച് ടവര്‍ എന്നിവയാണ് രൂപകല്പന ചെയ്തത്. കണ്ണൂര്‍ വിമാനത്താവളം കൂടി വരുന്നതോടെ പുരളി മലയിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഡി.ടി.പി.സി അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."