ഹെല്‍മറ്റ് ഇല്ലാത്തവരെ കാമറ കുടുക്കും; പിഴയൊടുക്കേണ്ടിയും വരും
സംസ്ഥാനത്ത് ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നു
ടി.കെ ജോഷി
കോഴിക്കോട്: ഹെല്‍മറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളില്‍ പായുന്നവര്‍ ജാഗ്രതൈ. പൊലിസിന്റെ കണ്ണില്‍പ്പെടാതിരുന്നാല്‍ രക്ഷപ്പെട്ടുവെന്നു കരുതേണ്ട, കാമറ കുടുക്കും. പിഴയും ഒടുക്കേണ്ടി വരും. ഇതുള്‍പ്പെടെ പൂര്‍ണമായും സാങ്കേതിക വിദ്യയുടെ സഹായത്തോടെ ട്രാഫിക് നിയമലംഘനം കണ്ടുപിടിക്കുന്ന ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് സംവിധാനം നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. 180 കോടിയുടെ പദ്ധതി പൊതുസ്വകാര്യ പങ്കാളിത്ത അടിസ്ഥാനത്തിലായിരിക്കും നടപ്പിലാക്കുക.
നിരത്തില്‍ അപകടങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി മാനുഷിക ഇടപെടലില്ലാത്ത ഇന്റഗ്രേറ്റഡ് ഡിജിറ്റല്‍ ട്രാഫിക് സംവിധാനം നടപ്പിലാക്കുന്നത് സംബന്ധിച്ച് ട്രാഫിക് ഐ.ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഏഴംഗ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് പദ്ധതിക്ക് ആഭ്യന്തര വകുപ്പ് അനുമതി നല്‍കിയിരിക്കുന്നത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സംസ്ഥാന പൊലിസ് മേധാവി ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു.
അപകടം കുറക്കുന്നതോടൊപ്പം നിയമം ലംഘിക്കുന്നവരില്‍ നിന്നുള്ള പിഴയൊടുക്കല്‍ വര്‍ധിപ്പിച്ച് സര്‍ക്കാരിന്റെ റവന്യൂ വരുമാനം ഉയര്‍ത്താനും ഈ സംവിധാനം കൊണ്ടാകും. നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും റോഡുകള്‍ പൂര്‍ണമായും കാമറകളുടെ നിരീക്ഷണത്തിലാകും. അപകട സാധ്യതയുള്ളിടത്തും അമിത വേഗതക്ക് സാധ്യതയുള്ളിടങ്ങളിലും കാമറകള്‍ സ്ഥാപിക്കും.
റെഡ് ലൈറ്റ് കാമറകളാണ് മറ്റൊരു പ്രത്യേകത. റെഡ്‌ലൈറ്റ് സിഗ്നല്‍ ലംഘിച്ചാല്‍ ഉടന്‍ കാമറ വിവരം നല്‍കും. അമിത വേഗതയോ റെഡ്‌ലൈറ്റ് സിഗ്നല്‍ ലംഘനമോ ഹെല്‍മറ്റ് ഇല്ലാത്ത ഇരുചക്രവാഹന യാത്രയോ കാമറയില്‍ പതിഞ്ഞാല്‍ വിവരം കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്ക് എത്തും. ഇവിടെനിന്ന് നിയമം ലംഘിച്ച വാഹന ഉടമക്ക് പിഴ നോട്ടിസ് അയക്കും. പിഴയടക്കാന്‍ ഏകീകൃത ചെലാന്‍ സംവിധാനമാണ് ഏര്‍പ്പെടുത്തുക. പദ്ധതി നടത്തിപ്പിനായി ഉടന്‍ ആഗോള ടെന്‍ഡര്‍ വിളിക്കും.
സംസ്ഥാനത്ത് വാഹനാപകടങ്ങളും ട്രാഫിക് നിയമലംഘനങ്ങളും കൂടിയ സാഹചര്യത്തിലാണ് നിയമലംഘനം കണ്ടെത്തല്‍ പൂര്‍ണമായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറാനുള്ള ശ്രമം ആഭ്യന്തര വകുപ്പും ആരംഭിച്ചത്.
ഇപ്പോള്‍ പൊലിസ് നടത്തുന്ന പരിശോധനയില്‍ മാത്രമാണ് മുഖ്യമായും നിയമം ലംഘിക്കുന്നവരില്‍നിന്ന് പിഴ ഈടാക്കുന്നത്. വാഹനപരിശോധനക്കെതിരേ ഇപ്പോള്‍ പ്രതിഷേധം ഉയരുന്നതിനാല്‍ പൊലിസിനു കൃത്യമായ പരിശോധന നടത്താനോ നടപടിയെടുക്കാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് പൂര്‍ണമായും മാനുഷിക ഇടപെടല്‍ ഇല്ലാതെ വാഹന പരിശോധനാ സംവിധാനം നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."