കേരള സര്‍വകലാശാലാ സെനറ്റ് നോമിനികളെ ഒഴിവാക്കി; ഗവര്‍ണര്‍ക്കെതിരേ ഗുരുതര ആരോപണവുമായി സി.പി.എം
തിരുവനന്തപുരം: കേരള സര്‍വകലാശാലാ സെനറ്റുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ പി. സദാശിവത്തിനെതിരേ ഗുരുതര ആരോപണവുമായി സി.പി.എം. സര്‍വകലാശാലാ സെനറ്റിലേക്ക് സര്‍വകലാശാല ശുപാര്‍ശ ചെയ്ത പട്ടികയ്ക്ക് പുറത്തുനിന്ന് രണ്ടംഗങ്ങളെ ഗവര്‍ണര്‍ നോമിനേറ്റ് ചെയ്തിരുന്നു.
സര്‍വകലാശാല ശുപാര്‍ശ ചെയ്ത പട്ടികയില്‍നിന്ന് ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരെ തെരഞ്ഞുപിടിച്ച് ഒഴിവാക്കി സംഘപരിവാര്‍ ആഭിമുഖ്യമുള്ള രണ്ടു പേരുകളാണ് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തതെന്നാണ് സി.പി.എമ്മിന്റെ ആരോപണം.
ആര്‍.എസ്.എസ് സമ്മര്‍ദത്തിനു വഴങ്ങിയാണ് ഗവര്‍ണറുടെ നടപടിയെന്നും സി.പി.എം ആരോപിച്ചു.
സര്‍വകലാശാല സെനറ്റിലേക്ക് വിവിധ മണ്ഡലങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്യേണ്ട അംഗങ്ങളുടെ പാനല്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കേരള ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു.
ഈ പാനലില്‍നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതായിരുന്നു കീഴ്‌വഴക്കം. എന്നാല്‍ ഈ പാനലില്‍നിന്നു സിഎംപിയില്‍നിന്ന് സിപിഎമ്മിലെത്തിയ അഡ്വ.ജി.സുഗുണന്‍, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും സി.പി.എം നെടുമങ്ങാട് ഏരിയ കമ്മിറ്റിയംഗവുമായ ഷിജുഖാന്‍ എന്നിവരെ ഗവര്‍ണര്‍ ഒഴിവാക്കി.പകരം കേരള സര്‍വകലാശാലയിലെ പ്രൊഫസറായ ഡോ.എ.എം. ഉണ്ണികൃഷ്ണന്‍, പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ശാസ്ത്രജ്ഞനായ ഡോ. വിനോദ് കുമാര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഇവര്‍ സംഘ്പരിവാര്‍ ആഭിമുഖ്യമുള്ളവരാണെന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ആരോപണം. സര്‍വകലാശാലയുടെ ചാന്‍സലര്‍ എന്ന നിലയില്‍ നിക്ഷിപ്തമായ ചുമതലകളെ രാഷ്ട്രീയ താല്‍പര്യത്തിനു വേണ്ടി ഉപയോഗപ്പെടുത്തുന്ന രീതിയാണ് ഗവര്‍ണറുടെ പക്ഷത്തുനിന്നുണ്ടായിട്ടുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."