അക്രമങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുമായി പൊലിസ്
വടകര: അക്രമ പരമ്പരകള്‍ അരങ്ങേറിയ വടകരയില്‍ ശക്തമായ നടപടിയുമായി പൊലിസ്. ഇതിന്റെ ഭാഗമായി രാത്രികാല വാഹന പരിശോധന കര്‍ശനമാക്കി. വടകര പൊലിസ് പരിധിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നഗരത്തിലും പരിസരത്തും കഴിഞ്ഞ ദിവസങ്ങളില്‍ അരങ്ങേറിയ അക്രമ സംഭവങ്ങളിലെല്ലാം തന്നെ വാഹനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മോട്ടോര്‍ ബൈക്ക് ഉള്‍പെടെയുള്ള വാഹനങ്ങളിലെത്തി അക്രമം നടത്തുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വാഹനങ്ങള്‍ നിരീക്ഷിക്കാനും പരിശോധന കര്‍ശനമാക്കാനും തീരുമാനിച്ചത്.
പത്ത് ജീപ്പുകളും പതിനഞ്ചോളം മോട്ടോര്‍ സൈക്കളിലും പൊലിസ് പട്രോളിങ് നടക്കുകയാണ്. ഇതിനായി റൂറലിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് സേനാ അംഗങ്ങള്‍ ഇവിടെ എത്തിയിട്ടുണ്ട്. ഇതുവരെ അഞ്ഞൂറിലധികം വാഹനങ്ങള്‍ പരിശോധിച്ചു. ഇതില്‍ നൂറിലധികം വാഹനങ്ങള്‍ പിടിച്ചെടുത്തതായും യാതൊരു കാരണവശാലും അക്രമം അനുവദിക്കില്ലെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. മധുസൂദനന്‍ പറഞ്ഞു.
നഗരത്തിലുണ്ടായ അക്രമങ്ങളില്‍ ബോംബുകള്‍ ഉപയോഗിച്ചത് പൊലിസ് ഗൗരവമായി എടുത്തിരിക്കുകയാണ്. ബോംബുകള്‍ പിടിച്ചെടുക്കുന്നതിനുവേണ്ടി ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും രംഗത്തുണ്ട്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ ഉള്‍പ്പെടെ സംശയകരമായ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തുമെന്ന് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."