തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടാനക്കൂട്ടം ആക്രമിച്ചു
മറയൂര്‍ (ഇടുക്കി): കാന്തല്ലൂര്‍ പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളെ കാട്ടാനക്കൂട്ടം ആക്രമിച്ചു. രണ്ടു സ്ത്രീകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്രാണരക്ഷാര്‍ഥം ഓടുന്നതിനിടെ രണ്ടു സ്ത്രീകള്‍ക്ക് പരുക്കേറ്റു. ഒരാളുടെ കൈ ഒടിഞ്ഞു. ചുരക്കുളം ഗോത്രവര്‍ഗ കോളനിയിലെ ഭഗവതിയുടെ മകള്‍ ഗായത്രി (22), പയസ് നഗര്‍ കരിമ്പാറ സ്വദേശി ചേലാട്ട് മേരി(50) എന്നിവര്‍ക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ ഗായത്രിയെ മറയൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്കി വിദഗ്ധ ചികിത്സക്കായി ഉടുമലൈ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.
ചുരക്കുളത്തിന് സമീപം കുണ്ടക്കാട് വരയടി ഭാഗത്ത് കൃഷിയിടത്തില്‍ തൊഴിലുറപ്പ് ജോലി ചെയ്യുകയായിരുന്ന രണ്ടു പുരുഷന്മാരും 35 സ്ത്രീകളും ഉള്‍പ്പെട്ട 37 അംഗ സംഘത്തിനു നേരെയാണ് ഇന്നലെ രാവിലെ 11 മണിയോടെ 13 കാട്ടാനകള്‍ പാഞ്ഞടുത്തത്. ചിതറിയോടിയ തൊഴിലാളികള്‍ സുരക്ഷിത സ്ഥാനത്ത് എത്തിയെങ്കിലും കൃഷിയിടത്തിലെ വരമ്പില്‍ തട്ടി ഗായത്രി വീണു. ഗായത്രിയുടെ പിന്നാലെയെത്തിയ കൊമ്പന് വരമ്പിന് താഴെ കിടന്ന ഗായത്രിയുടെ സമീപത്ത് എത്തിയെങ്കിലും കുറച്ചു നേരം നിലയുറപ്പിച്ച ശേഷം കാട്ടാനക്കൂട്ടത്തോടൊപ്പം വനത്തിലേക്ക് മടങ്ങി. ആനകള്‍ പിന്‍വാങ്ങിയ ശേഷം മറ്റുള്ളവര്‍ ഓടിയെത്തി പരുക്കേറ്റ ഗായത്രിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം മൂലം പകല്‍ സമയം പോലും കുണ്ടക്കാട്, കാരയൂര്‍ വനമേഖല അതിര്‍ത്തികളിലെ കൃഷിയിടങ്ങളില്‍ കര്‍ഷകര്‍ക്ക് എത്താന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.
കാരയൂര്‍, കുണ്ടക്കാട്, കീഴാന്തൂര്‍ വനാതിര്‍ത്തികളില്‍ ആനക്കൂട്ടത്തിന്റെ ശല്യം ഒഴിവാക്കാന്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുമെന്നും കൃഷി നാശത്തിനുള്ള നഷ്ടപരിഹാരത്തിന് നടപടികള്‍ അടിയന്തരമായി സ്വീകരിക്കുമെന്നും മറയൂര്‍ സാന്ഡല് ഡിവിഷന് ഡി.എഫ്.ഒ ബി. രഞ്ജിത്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."