ഹരിതനിയമ ബോധവല്‍ക്കരണം: ജില്ലാതല കാംപയിനിന് തുടക്കം
തിരുവനന്തപുരം: ഹരിതനിയമങ്ങളെ സംബന്ധിച്ചുള്ള അവബോധം വ്യാപകമാക്കാനും ഹരിതനിയമങ്ങള്‍ നടപ്പാക്കുന്നത് ശക്തിപ്പെടുത്താനുമായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ ജില്ലകളിലും തുടക്കമായി.
20 ലക്ഷം പേരില്‍ എത്തുന്ന വിപുലമായ ഹരിതനിയമ ബോധവല്‍ക്കരണ കാംപയിനും നിയമ നടപടികള്‍ കര്‍ശനമായി സ്വീകരിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെ സജ്ജമാക്കലുമാണ് ആത്യന്തിക ലക്ഷ്യം. പ്രധാനമായും 2016 ലെ ഖരമാലിന്യ പരിപാലന നിയമത്തെ അധികരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. മാലിന്യം സൃഷ്ടിക്കുന്നവരില്‍ നിക്ഷിപ്തമായിട്ടുള്ള ഉത്തരവാദിത്വം, ചുമതല, നിയമം അനുശാസിക്കുംവിധമുള്ള മാലിന്യ പരിപാലനം, തെറ്റായ രീതിയില്‍ മാലിന്യസംസ്‌കരണം നടത്തിയാല്‍ നേരിടേണ്ട നിയമനടപടികള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ബോധവല്‍ക്കരണ പരിപാടികള്‍. ഇതോടൊപ്പം ഹരിതനിയമങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.
ഹരിതനിയമങ്ങളുടെ പ്രസക്തി, നിയമങ്ങള്‍ നടപ്പിലാക്കുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍, പൊലിസ്, കേരള മുനിസിപ്പാലിറ്റി, നഗരകാര്യം, ആരോഗ്യം എന്നീ വകുപ്പുമായി ബന്ധപ്പട്ട നിയമങ്ങള്‍, മാലിന്യ സംസ്‌കരണവുമായി ബന്ധപ്പട്ട് കേരള മുനിസിപ്പാലിറ്റി നിയമവും പഞ്ചായത്ത് രാജ് നിയമവും, പരിസ്ഥിതി സംരക്ഷണ നിയമവും അനുബന്ധ ചട്ടങ്ങളും, ശുചിത്വമാലിന്യ സംസ്‌കരണ സംവിധാനങ്ങളുമായി ബന്ധപ്പട്ട കെട്ടിട നിര്‍മാണ ചട്ടങ്ങള്‍, ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം, ഹരിതനിയമം നടപ്പാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ വിവിധ വകുപ്പുകളില്‍ നിന്നുള്ളവരാണ് പരിശീലനം നല്‍കുന്നത്. കിലയുമായി ചേര്‍ന്നാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."