അധികൃതരുടെ അനാസ്ഥ; ദുരിതത്തിലായി മലാംകുന്ന് അങ്കണവാടിയിലെ വിദ്യാര്‍ഥികള്‍
മുക്കം: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയില്‍ വീര്‍പ്പുമുട്ടി കാരശ്ശേരി പഞ്ചായത്തിലെ മലാംകുന്ന് അങ്കണവാടിയിലെ വിദ്യാര്‍ഥികളും ജീവനക്കാരും. അപകടാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് അങ്കണവാടി പുതിയ സ്ഥലത്തേക്ക് മാറ്റിയതാണ് ഇവരെ ദുരിതത്തിലാക്കിയത്.
2009ല്‍ നിര്‍മിച്ച കെട്ടിടത്തിന്റെ തറയ്ക്കും ഭിത്തികള്‍ക്കും വിള്ളലുകള്‍ വീണതിനെ തുടര്‍ന്ന് പഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ അങ്കണവാടി ഇവിടെ നിന്നു മാറ്റി സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ സൗകര്യപ്രദമായ മറ്റു സ്ഥലങ്ങള്‍ കണ്ടെത്തുന്നതിനുപകരം കാരശ്ശേരി പഞ്ചായത്ത് ഗ്രൗണ്ടിലുള്ള പൊളിഞ്ഞു തുടങ്ങിയ സ്റ്റേജിനോട് ചേര്‍ന്ന മുറിയിലേക്കാണ് അങ്കണവാടി മാറ്റിയത്. ഈ മുറിയില്‍ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ് അങ്കണവാടി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
അങ്കണവാടിയില്‍ എത്തുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും ആവശ്യമായ ശുചിമുറികളോ വെള്ളമോ പോലും ഇവിടെ ലഭ്യമല്ല. വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്നുമില്ല. ശക്തമായ ചൂട് കാരണം കുട്ടികള്‍ വിയര്‍ത്തൊലിച്ച് മുഴുവന്‍ സമയവും കഴിച്ചുകൂട്ടേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. മഴ പെയ്താല്‍ ദുരിതം ഇരട്ടിയാകും.
അങ്കണവാടി സൂപ്പര്‍വൈസര്‍ക്ക് രക്ഷിതാക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മോണിറ്ററിങ് കമ്മിറ്റി വിളിച്ചു ചേര്‍ത്ത് രക്ഷിതാക്കളോട് അഭിപ്രായമാരാഞ്ഞപ്പോള്‍ കുട്ടികളെ അടിസ്ഥാന സൗകര്യമുള്ള മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പഞ്ചായത്ത് അധികൃതര്‍ കെട്ടിടം വാടകക്കെടുത്ത് അങ്കണവാടി മാറ്റാന്‍ കഴിയുകയില്ല എന്ന നിലപാടാണ് സ്വീകരിച്ചത്.
അങ്കണവാടിക്ക് പുതിയ കെട്ടിടം നിര്‍മിക്കുവാന്‍ രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് പഞ്ചായത്ത് അറിയിച്ചിട്ടുള്ളത്. അതുവരെ ഈ മുറിയിലേക്ക് കുട്ടികളെ അയക്കാന്‍ കഴിയില്ലെന്നാണ് രക്ഷിതാക്കളുടെ നിലപാട്. പുതിയ കെട്ടിടം നിര്‍മിക്കുന്നത് വരെ സൗകര്യപ്രദമായ മറ്റൊരു കെട്ടിടം വാടകക്കെടുത്ത് അങ്ങോട്ട് മാറണമെന്നാണ് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."