കെ.എം.എം.എല്ലില്‍ വാതകച്ചോര്‍ച്ച; 12 പേര്‍ ആശുപത്രിയില്‍
ചവറ(കൊല്ലം): മലിനീകരണത്തിന്റെ പേരില്‍ കെ.എം.എം.എല്ലിനെതിരേ സമരം ചെയ്യാനെത്തിയ 12പേര്‍ വിഷ വാതകം ശ്വസിച്ച് ആശുപത്രിയില്‍ ചികിത്സ തേടി. കമ്പനിയുടെ പ്രവര്‍ത്തനം കാരണം മലിനമായ പന്മന ഗ്രാമപഞ്ചായത്തിലെ ചിറ്റൂര്‍, കളരി, പന്മന പ്രദേശങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന ഉറപ്പ് ലംഘിച്ചതിനെ തുടര്‍ന്ന് സംയുക്ത സമര സമതിയുടെ നേതൃത്വത്തില്‍ പ്രദേശവാസികള്‍ നടത്തിയ ഉപരോധ സമരത്തിനിടയില്‍ ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.
ഉപരോധത്തിനെത്തിയ ആനന്ദവല്ലി (55), ശങ്കരി (65), സരസ്വതി (58), സുധ (57), ഗാനപ്രീയ (62), ബേബി (50), സുലോചന (60), മണിയമ്മ (52), വിജയമ്മ (50), അമ്പിളി (48), ആശ (32), സതി, ലതാ മേരി (42) എന്നിവര്‍ക്കാണ് കമ്പനിയില്‍ നിന്നുള്ള വാതകം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍തന്നെ ഇവരെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രം, നീണ്ടകര, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
മലിനപ്രദേശങ്ങളിലെ വസ്തു മാര്‍ച്ച് 31ന് മുന്‍പ് സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വസ്തു ഏറ്റെടുക്കലിനായി പ്രദേശവാസികള്‍ സമ്മത പത്രം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഏറ്റെടുക്കല്‍ നീണ്ടുപോയതിനെ തുടര്‍ന്നാണ് സമരവുമായി എത്തേണ്ട സാഹചര്യം ഉണ്ടായതെന്നാണ് സമരസമിതി നേതാക്കള്‍ പറഞ്ഞു.
അതിനിടെ സമരത്തെ ഇല്ലാതാക്കാനാണ് കമ്പനി അധികൃതര്‍ ക്ലോറിന്‍ തുറന്ന് വിട്ടതെന്നും ആരോപണം ഉയരുന്നുണ്ട്. ബുധനാഴ്ച രാവിലെ മുതല്‍ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തി ജീവനക്കാരെ ആരെയും തന്നെ കമ്പനിക്കുള്ളിലേക്ക് കടത്തി വിടാതെയുള്ള സമരമാണ് നടത്തി വരുന്നത്. അതിജീവനത്തിനായി ഏതറ്റം വരെ പോകുമെന്നും പ്രദേശവാസികള്‍ പറഞ്ഞു.
എന്നാല്‍ സാധാരണ ഉള്ളതുപോലെ ചെറിയ രീതിയില്‍ കമ്പനിയില്‍ നിന്നും ക്ലോറിന്‍ പുറത്തുവിടുകമാത്രമാണ് ഉണ്ടായതെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. കമ്പനിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം ഇവിടെ നിരവധി തവണ വാതകച്ചോര്‍ച്ച ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്വേഷണം പിന്നീട് അട്ടിമറിക്കപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."