കുല്‍ദീപ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി
ലഖ്‌നൗ: ഉന്നാവോ പീഡനക്കേസില്‍ പ്രതിയായ കുല്‍ദീപ് സിങ് സെന്‍ഗാറിന് കുരുക്ക് മുറുകുന്നു. കേസില്‍ സുപ്രിംകോടതി ഇടപെട്ടതിനെ തുടര്‍ന്ന് സ്വാധീനം ചെലുത്തി കേസ് അട്ടിമറിക്കാനുള്ള സെന്‍ഗാറിന്റെ നീക്കത്തിന് തിരിച്ചടിയായി പ്രതിയെ ചോദ്യം ചെയ്യുന്നതിനായി സി.ബി.ഐക്ക് കോടതി അനുമതി നല്‍കി. ലഖ്‌നൗവിലെ വിചാരണ കോടതിയില്‍ നല്‍കിയ പ്രത്യേക ഹരജിയുടെ സാഹചര്യത്തിലാണ് സെന്‍ഗാറിനെ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് അനുമതി ലഭിച്ചത്. കുല്‍ദീപിന് പുറമെ ജയിലില്‍ കഴിയുന്ന സഹോദരന്‍ അതുല്‍ സിങ്, മറ്റ് പ്രതികളായ വിരേന്ദ്ര സിങ്, ശൈലേന്ദ്ര സിങ് എന്നിവരെയും സി.ബി.ഐ ചോദ്യം ചെയ്യും.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മാവനെ ചോദ്യം ചെയ്യാനും സി.ബി.ഐ തീരുമാനിച്ചിട്ടുണ്ട്. പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവത്തില്‍ ആദ്യം പരാതി നല്‍കിയത് ഇയാളായിരുന്നു. ഇതിനിടയില്‍ വിശദമായ ചോദ്യം ചെയ്യലിനായി പെണ്‍കുട്ടിയുടെ കാറില്‍ ഇടിച്ച ട്രക്ക് ഡ്രൈവര്‍, സഹായി എന്നിവരെ ചോദ്യം ചെയ്യാനായി ഒരു ദിവസത്തേക്ക് സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇരുവരേയും കോടതി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
പെണ്‍കുട്ടിക്കും കുടുംബത്തിനും എതിരായ കുല്‍ദീപ് സെന്‍ഗാറിന്റെ ക്രൂരമായ നടപടി സംബന്ധിച്ച് ഒരാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതേ തുടര്‍ന്നാണ് അടിയന്തര നടപടി തുടങ്ങിയത്. അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ ജോ.ഡയരക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം റായ്ബറേലി സന്ദര്‍ശിക്കും. തെളിവുകള്‍ ശേഖരിക്കുന്നതിനായി കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ വിദഗ്ധ സംഘവും റായ്ബറേലിയില്‍ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടയില്‍ ഇന്നലെ അപകടം നടന്ന സ്ഥലത്ത് എത്തിയ സി.ബി.ഐ സംഘം എങ്ങനെയാണ് അപകടം നടന്നതെന്ന് പുനരാവിഷ്‌കരിച്ചു.
ജയിലില്‍ കഴിയുന്ന കുല്‍ദീപ് സിങ് സെന്‍ഗാറിനെ ജയിലില്‍ സന്ദര്‍ശിച്ച രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവരുടെ വിവരങ്ങള്‍ നല്‍കാന്‍ ജയില്‍ അധികൃതരോട് സി.ബി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."