ആവേശത്തോടെ അവര്‍ സ്‌കൂളിലെത്തി; നിരാശയോടെ മടങ്ങി...
കോഴിക്കോട്: പുത്തനുടുപ്പിട്ട് ആവേശത്തോടെ അക്ഷരമുറ്റത്തെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേള്‍ക്കേണ്ടി വന്നത് തങ്ങളുടെ സ്‌കൂള്‍ അടച്ചുപൂട്ടിയെന്ന ദുഃഖവാര്‍ത്ത. സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഒന്നടങ്കം പ്രവേശനോത്സവം ആഘോഷിച്ചപ്പോള്‍ ആരവങ്ങളും സന്തോഷങ്ങളുമില്ലാതെ അവര്‍ക്ക് തിരിച്ചുപോകേണ്ട അവസ്ഥയായിരുന്നു. വടകര അഴിയൂര്‍ മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികള്‍ക്കാണ് കയ്‌പ്പേറിയ അനുഭവമുണ്ടായത്. പട്ടികജാതി വിദ്യാര്‍ഥികളുടെ മോഡേണ്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ അടച്ചുപൂട്ടന്‍ പ്രവേശനോത്സവ തലേന്ന് പട്ടികജാതി വികസന ഡയറക്ടര്‍ ഉത്തരവിടുകയായിരുന്നു.
പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെ 2001-ല്‍ ജില്ലക്ക് അനുവദിച്ച സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവ് വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒരുപോലെ ഇരുട്ടടിയായി. നിലവില്‍ ഇവിടെ പഠനം നടത്തുന്ന 120ല്‍പ്പരം വരുന്ന വിദ്യാര്‍ഥികളെ കാസര്‍കോട്, എറണാകുളം, തൃശൂര്‍ ജില്ലകളിലെ എം.ആര്‍.സികളിലേക്ക് മാറ്റണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഒരു വര്‍ഷം മുന്‍പു വരെ ബാലുശേരി മണ്ഡലത്തിലെ ഉള്ള്യേരിയിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍ പട്ടികജാതി വകുപ്പിലെ പടലപ്പിണക്കങ്ങള്‍ കാരണം സൗകര്യങ്ങള്‍ കുറവായ അഴിയൂരിലെ കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു.
ഉള്ള്യേരിയില്‍ സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന ഒന്നേമുക്കാല്‍ ലക്ഷം രൂപ പ്രതിമാസ വാടകക്കെടുത്ത കെട്ടിടത്തില്‍ ആവശ്യത്തിന് സൗകര്യങ്ങളുണ്ടായിരുന്നില്ല. അടിസ്ഥാന സൗകര്യങ്ങളും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമില്ലാത്ത കെട്ടിടത്തിനെതിരേ ബാലവകാശ കമ്മിഷനും രംഗത്തെത്തിയിരുന്നു.
143 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് അഴിയൂരിലേക്ക് മാറിയപ്പോള്‍ അസൗകര്യം കാരണം 20 കുട്ടികള്‍ മറ്റു സ്‌കൂളുകളിലേക്ക് മാറിപ്പോയി. സ്‌കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നിടത്തേക്ക് തന്നെ മാറ്റിസ്ഥാപിക്കുകയോ പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കളും കേരള ദലിത് ഫെഡറേഷനും രംഗത്തെത്തിയിരുന്നു.
മറ്റു ജില്ലകളിലെ സ്‌കൂളുകളിലേക്ക് മാറാനുള്ള ഉത്തരവിലെ നിര്‍ദേശം അംഗീകരിക്കാന്‍ ഇവര്‍ ഒരുക്കമല്ല. പുതിയ അധ്യയന വര്‍ഷം തുടങ്ങുന്നതിന് ഒരു ദിവസം മുന്‍പ് ഉത്തരവ് പ്രഖ്യാപിച്ചതിലൂടെ വിദ്യാര്‍ഥികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. മികച്ച പഠനിലവാരം പുലര്‍ത്തിയ സ്‌കൂള്‍ അടച്ചുപൂട്ടിയതോടെ വിദ്യാര്‍ഥികളുടെ ഭാവിയെക്കുറിച്ച് രക്ഷിതാക്കളും ആശങ്കയിലാണ്. അതേസമയം കുറ്റ്യാടി മരുതോങ്കര കോതോട് പത്തേക്കറില്‍ ഒരുങ്ങുന്ന പുതിയ റസിഡന്‍ഷ്യല്‍ കാംപസിന്റെ പ്രവൃത്തികള്‍ ഈ ആഴ്ചതന്നെ തുടങ്ങമെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."