പുഴയുടെ പുറമ്പോക്കില്‍ ഇഷ്ടികക്കളം; നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു
പടിഞ്ഞാറത്തറ: പുഴ പുറമ്പോക്കില്‍ ഇഷ്ടികക്കളത്തിനെതിരേ പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാര്‍. പുതുശ്ശേരിക്കടവില്‍ നിന്നും തേര്‍ത്തുംകുന്ന് റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്വകാര്യ വ്യക്തിയുടെ അനധികൃത ഇഷ്ടികക്കളത്തിനെതിരേയാണ് പ്രദേശവാസികള്‍ സംഘടിച്ച് രംഗത്തെത്തിയിരിക്കുന്നത്.
പുഴപുറമ്പോക്ക് ഭൂമി കൈയേറിയാണ് സ്വകാര്യ വ്യക്തി കളം പ്രവര്‍ത്തിപ്പിക്കുന്നതെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് പുഴയേക്കാള്‍ ആഴത്തില്‍ കുഴികളെടുത്ത് മണ്ണ് സംഭരിച്ച് ഇഷ്ടിക നിര്‍മാണം നടത്തുന്നത്. ഇതോടെ വേനല്‍ കാലത്ത് പ്രദേശത്തെ കിണറുകളെല്ലാം നേരത്തെ വറ്റിപ്പോവുകയാണ്.
പുഴയോട് ചേര്‍ന്ന് ഇരുപത് അടിയോളം ആഴത്തിലാണ് കുഴിച്ച് മണ്ണെടുത്തത്. ഇതോടെ പുഴയില്‍ നിന്നും കഴിഞ്ഞ മഴക്കാലത്ത് വെള്ളം ഇരച്ചു കയറിയത് നിരവധി വീടുകളില്‍ വെള്ളം കയറാനിടയാക്കിയെന്നും ആരോപണമുണ്ട്.
കാലവര്‍ഷത്തില്‍ വെള്ളമുയര്‍ന്നാല്‍ പുഴയുടെ അതിര് തകര്‍ന്ന് പുഴ തന്നെ ഗതി മാറി ഒഴുകിയേക്കുമെന്ന ഭീതിയും നിലവിലുണ്ട്.
കളത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന എടക്കാടി ഉസ്മാന്‍ എന്നയാളുടെ വീടിന് അപകടകരമാം വിധത്തിലാണ് ഇഷ്ടികക്കളമുടമ മണ്ണെടുത്തിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നെല്‍കൃഷി ചെയ്ത സ്ഥലത്താണ് കളം ഉള്ളത്.
നേരത്തെ മണ്ണെടുത്ത നിരവധി വലിയ കുഴികള്‍ മൂടാതെ അപകടകരമാംവിധം നിലവിലുണ്ട്.
ഇവ മൂടണമെന്നും കുട്ടികള്‍ അപകടത്തില്‍ പെടുമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും സ്ഥലമുടമ ഇതിനും തയാറായിട്ടില്ല.അനധികൃത ഇഷ്ടിക നിര്‍മാണ യുനിറ്റിനെതിരേ നാല്‍പ്പതോളം പ്രദേശവാസികളൊപ്പിട്ട പരാതി മാനന്തവാടി സബ്കലക്ടര്‍ക്ക് നല്‍കിയിട്ടുണ്ട്.
പ്രദേശവാസികളില്‍ നിന്നും യാതൊരു അനുമതിയും വാങ്ങാതെയാണ് കളം പ്രവര്‍ത്തിപ്പിക്കാന്‍ പഞ്ചായത് ലൈസന്‍സ് നല്‍കിയിരിക്കുന്നതെന്നും പരാതിയില്‍ പറയുന്നുണ്ട്.
ഇനിയുമൊരു പ്രളയത്തെ താങ്ങാന്‍ പ്രദേശവാസികള്‍ക്ക് കഴിയില്ലെന്നതിനാല്‍ ഈ വര്‍ഷം ഇഷ്ടികക്കളം പ്രവര്‍ത്തിക്കാനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."