മാധ്യമപ്രവര്‍ത്തകന്റെ മരണം: ശ്രീരാം വെങ്കിട്ടരാമനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്റെ മരണത്തിനിടയാക്കിയ വാഹനാപകടം നടക്കുമ്പോള്‍ കാറോടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന് തന്നെയെന്ന് ഉറപ്പായി. ഇതോടെ ശ്രീരാം വെങ്കിട്ടരാമനെ പൊലിസ് ഉടന്‍ അറസ്റ്റ് ചെയ്തേക്കും. ശ്രീറാമാണ് കാറോടിച്ചിരുന്നതെന്ന് ഒപ്പമുണ്ടായിരുന്ന യുവതി പൊലിസിന് മൊഴി നല്‍കിയതോടെയാണ് ഈ കാര്യത്തിലെ അവ്യക്തത നീങ്ങിയത്. അപകടം നടന്ന ശേഷം കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തിറങ്ങിയത് ഒരു പുരുഷനാണെന്ന് സംഭവസ്ഥലത്ത് ആദ്യമെത്തിയ ഓട്ടോ ഡ്രൈവര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു.
ശ്രീറാമാണ് വാഹനം ഓടിച്ചതെന്ന് പൊലിസുദ്യോഗസ്ഥരും സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡി.സി.പി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലിസ് വൃത്തങ്ങള്‍ അറിയിച്ചു. അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പൊലിസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്ധര്‍ പരിശോധനയും നടത്തി.
ശ്രീറാം പരിശോധനയ്ക്കായി ഇരുന്നപ്പോള്‍ മദ്യപിച്ചിട്ടുണ്ടെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും ഇക്കാര്യം താന്‍ അദ്ദേഹത്തെ കൊണ്ടുവന്ന പൊലിസുദ്യോഗസ്ഥരോട് പറഞ്ഞതായി അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്ക് കൊണ്ടുവന്ന ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസിന്റെ രക്തസാംപിളുകളും പൊലിസ് ശേഖരിച്ചു. ഇവരുടെ രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."