ഓപറേഷന്‍ ഒളിംപ്യ: പരിശീലകനായി വിജിലന്‍സ് അന്വേഷണം നേരിടുന്ന വ്യക്തിയും
ആലപ്പുഴ : സംസ്ഥാനത്തിന്റെ കായിക ഉന്നമനത്തിനായി സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ബഹൃത് പദ്ധതിയായ ഓപറേഷന്‍ ഒളിംപ്യയില്‍ പരിശീലക കുപ്പായം അണിയാന്‍ സാമ്പത്തിക ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന തുഴച്ചില്‍ പരിശീലകനും. കഴിഞ്ഞ ദേശീയ ഗെയിംസില്‍ കേരളത്തില്‍ നടന്ന തുഴച്ചില്‍ മത്സരങ്ങളിലെ നടത്തിപ്പുമായി ബന്ധപ്പെട്ട് 12 കോടിയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍ സെക്രട്ടറി ഡി വിജയകുമാറിനും മുഖ്യ പരിശീലകന്‍ യു.ആര്‍ അഭയനുമെതിരേ വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതിയായ ഓപറേഷന്‍ ഒളിംപ്യയില്‍ തുഴച്ചില്‍ മുഖ്യ പരിശീലകനായെത്തുന്നത് അന്വേഷണം നേരിടുന്ന യു.ആര്‍ അഭയനാണ്. കായിക ഇനങ്ങള്‍ക്ക് പരിശീലകരെ നിശ്ചയിക്കുന്നത് അതത് അസോസിയേഷനുകളാണ്.
പതിനൊന്ന് കായിക ഇനങ്ങള്‍ക്കായി 448 കോടി രൂപയാണ് എട്ട് വര്‍ഷത്തേക്ക് ചെലവിടാന്‍ തീരുമാനിച്ചിട്ടുളളത്. ഇതില്‍ കനോയിങ്, കയാക്കിങ് വിഭാഗത്തിന് 40.72 കോടി രൂപയാണ് ലഭിക്കുന്നത്.
താരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാതെയും കണക്കുകള്‍ സമര്‍പ്പിക്കാതെയും വട്ടംചുറ്റിക്കുന്ന ഇക്കൂട്ടരിലേക്ക് വീണ്ടും പണമെത്തുമ്പോള്‍ ക്രമക്കേടുകള്‍ക്ക് മറ്റൊരു അവസരം കൂടി ഒരുങ്ങുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.
അഴിമതിക്കാരുടെ കൈകളിലേക്ക് കായിക വികസന ഫണ്ട് എത്തുമെന്നറിഞ്ഞതോടെ താരങ്ങളും അങ്കലാപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."