ജി.എസ്.ടി അഥവാ അര്‍ധ രാത്രിയിലെ കവര്‍ച്ച: അതാണ് 'പ്രസ്ഗ്യാലറി കണ്ട സഭയിലിടം പിടിച്ചത്; കെ.എം ബഷീറിന്റെ വിയോഗം വിശ്വസിക്കാനാകാതെ സഹപ്രവര്‍ത്തകര്‍
തിരുവനന്തപുരം: ബഷീര്‍ വാണിയന്നൂര്‍ എന്ന പേരിലായിരുന്നു കെ.എം ബഷീര്‍ എന്ന പത്രപ്രവര്‍ത്തകന്‍ എഴുതിത്തുടങ്ങിയത്. ആ രൂപ മാറ്റം നടത്തിയത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി.ടി നാസര്‍. പ്രാദേശിക പത്രപ്രവര്‍ത്തകനില്‍ നിന്ന് തലസ്ഥാനത്തെ മുഖ്യ റിപ്പോര്‍ട്ടറോളം വളര്‍ന്നത് തീരെ ചെറിയ പ്രായത്തില്‍. എല്ലാവരോടും എളുപ്പത്തില്‍ പരിചയം സ്ഥാപിക്കും. ബന്ധം കാത്തു സൂക്ഷിക്കുന്നതിലുമുണ്ടായിരുന്നു ഈ കരുതല്‍. പെട്ടെന്നുണ്ടായ കെ.എം ബഷീറിന്റെ അകാല വിയോഗം വിശ്വസിക്കാനായിട്ടില്ല, സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും തലസ്ഥാനത്തിനും. ഏറ്റവും ഒടുവിലിട്ട ഫേസ്ബുക്ക് കുറിപ്പിലുമുണ്ട് വിനയത്തിന്റെയും സൗമത്യയുടേയും ബഷീറിയന്‍ മാതൃക.
ഫേസ്ബുക്ക് കുറിപ്പ്
നിയമസഭാ റിപ്പോര്‍ട്ടിംഗിലെ അതികായര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ കഴിഞ്ഞ ധന്യനിമിഷമാണിത്. 51 മാധ്യമപ്രവര്‍ത്തകര്‍ എഴുതിയ നിയമസഭാ അവലോകനങ്ങള്‍'പ്രസ്ഗ്യാലറി കണ്ട സഭ' എന്ന പേരില്‍ കേരള മീഡിയ അക്കാദമി പുസ്തകമാക്കിയപ്പോള്‍ ഈയുള്ളവന്റെ രചനയും അതിന്റെ ഭാഗമായതിന്റെ നിര്‍വൃതി. ഇതിന്റെ പേരില്‍ പുസ്തക പ്രകാശന ചടങ്ങില്‍ മീഡിയ അക്കാദമിയുടെ ആദരം കൂടി ആയതോടെ ഇരട്ടിമധുരവും. വളരെ പണിപ്പെട്ട് ഇങ്ങനെയൊരു സാഹസത്തിന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സുഹൃത്തുമായ പി.ശ്രീകുമാറിനും മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍. എസ് ബാബുവിനും നന്ദി.
കേരള രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ച മാധ്യമരംഗത്തെ കുലപതികള്‍. മണ്‍മറഞ്ഞവരും തൊഴിലിടം വിട്ടവരും ഇന്നും ഈ രംഗത്ത് തുടരുന്നവരുമായ 51 പേരുടെതാണ് രചനകള്‍. പത്രപ്രവര്‍ത്തനരംഗത്തേക്ക് വന്ന നാള്‍ മുതല്‍ കണ്ടതും കേട്ടതുമായ ഗുരുസ്ഥാനീയര്‍. കെ.ആര്‍ ചുമ്മാര്‍ സാറിനെയും കെ.സി സെബാസ്റ്റ്യന്‍ സാറിനെയും പി.സി സുകുമാരന്‍ സാറിനെയും പോലെ വായിച്ചനുഭവിച്ചവര്‍. അഴീക്കോട് മാഷ് നിയമസഭാ റിപ്പോര്‍ട്ടിംഗിന് വന്നപ്പോള്‍ പ്രസ്ഗ്യാലറിയില്‍ ഇരിക്കാന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്.
സി.ആര്‍ എന്‍ പിഷാരടി, കെ ജി പരമേശ്വരന്‍ നായര്‍, എം പി അച്യുതന്‍, എസ് ആര്‍ ശക്തിധരന്‍, കെ കുഞ്ഞിക്കണ്ണന്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്‍, സണ്ണിക്കുട്ടി എബ്രഹാം, പി പി ജയിംസ്, ജി ശേഖരന്‍ നായര്‍, ജോണി ലുക്കോസ്, വയലാര്‍ ഗോപകുമാര്‍, ജോണ്‍ മുണ്ടക്കയം, ഇ സോമനാഥ്, ആര്‍ എസ് ബാബു, കെ ശ്രീകണ്ഠന്‍, ബി വി പവനന്‍, എസ് അനില്‍, പി എസ് ജയന്‍, സി ഹരികുമാര്‍, എസ് എന്‍ ജയപ്രകാശ് തുടങ്ങി പ്രമുഖരുടെ നിര. സന്ദര്‍ശക ഗ്യാലറിയില്‍ ഇരുന്ന പരിചയം പോലുമില്ലാതെ സഭാ റിപ്പോര്‍ട്ടിംഗിനെത്തിയപ്പോള്‍ നടപടിക്രമങ്ങള്‍ പഠിപ്പിച്ചവരാണ് പലരും. ഇവര്‍ക്കെല്ലാമൊപ്പമാണ് എന്റെയും കൂടി രചന ഉള്‍പ്പെട്ട പുസ്തകം. 'ജി എസ് ടി അഥവാ അര്‍ധ രാത്രിയിലെ കവര്‍ച്ച' എന്ന തലക്കെട്ടില്‍ 2017 ആഗസ്റ്റ് ഒന്‍പതിന് സിറാജില്‍ എഴുതിയ നിയമസഭാ അവലോകനമാണ് എന്റേതായുള്ളത്. സുഹൃത്തുക്കളില്‍ നിന്ന് അരവിന്ദ് എസ് ശശിയും നിസാര്‍ മുഹമ്മദും സി പി ശ്രീഹര്‍ഷനും എഴുതിയ രചനകളുമുണ്ട്. എഴുത്തിന്റെ വഴിയില്‍ പിന്തുണച്ചവര്‍ക്കെല്ലാം നന്ദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."