നിയമങ്ങള്‍ക്ക് പുല്ലുവില; സ്‌കൂള്‍ മുറ്റങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ കൈയടക്കുന്നു
ടി.പി ഷാജി
ആലപ്പുഴ: സ്‌കൂള്‍ മുറ്റങ്ങളിലെ കളിക്കളങ്ങള്‍ മറയുന്നു. നിലവില്‍ കേരളത്തിലെ കുരുന്നുകള്‍ അഭിമാനത്തോടെ കായികരംഗത്തേക്ക് കടന്നുവരുമ്പോഴാണ് നിരാശയുടെ പടുകുഴിയിലാക്കി അധികൃതര്‍ നയങ്ങളും സമീപനങ്ങളും മാറ്റുന്നത്.
കായിക മികവുകള്‍ ഉണര്‍ത്താന്‍ രാജ്യത്താകെ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമ്പോഴാണ് കായികകേരളത്തിന് അപമാനമായി കളിക്കളങ്ങളില്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ നിറക്കുന്നത്. പതിറ്റാണ്ടുകളായി കായിക രംഗത്ത് തിളങ്ങി വരുന്ന സ്‌കൂളുകളില്‍ പോലും കളിക്കളങ്ങളുടെ വിസ്ത്രീര്‍ണം ഇപ്പോള്‍ ചുരുങ്ങുകയാണ്.
പൊതുവിദ്യാലയങ്ങളിലും സ്വകാര്യ സ്‌കൂളുകളിലും കായിക മൈതാനം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയുള്ള ചട്ടം നിലവിലുണ്ട്. ഇത്തരത്തിലുള്ള മൈതാനങ്ങള്‍ ഒരുക്കുന്ന സ്‌കൂളുകള്‍ക്കാണ് പ്രവര്‍ത്തനത്തിനുള്ള അംഗീകാരവും അധികൃതര്‍ നല്‍കുന്നത്.എന്നാല്‍ ഇത് കാറ്റില്‍ പറത്തിയാണ് കളിക്കളം കൈയ്യേറിയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നത്. സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളാക്കാനുള്ള നടപടികള്‍ വേഗത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുകയാണ്. ഇതിനായി അതാതുവിദ്യാലയങ്ങളിലെ അധ്യാപകരും രക്ഷിതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് രൂപപ്പെടുത്തുന്ന പുതിയ പ്രൊജക്റ്റുകള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചുവരുകയാണ്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലെ നിലാവാരം ഉയര്‍ത്താന്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ഇതോടൊപ്പം സ്വകാര്യ സ്‌കൂളുകളില്‍ അടക്കം ആഡിറ്റോറിയങ്ങളും മത്സരിച്ച് നിര്‍മിക്കുകയാണ്.വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനും പഠനിലവാരം ഉയര്‍ത്താനുള്ള സംവിധാനങ്ങള്‍ ഒരുക്കാനും സ്‌കൂള്‍ ആധികൃതര്‍ പുതിയതായി സ്ഥലം കണ്ടെത്താന്‍ ശ്രമിക്കാറില്ല.ഇതിനായ് ലക്ഷ്യം വയ്ക്കുന്നത് സ്‌കൂള്‍ അങ്കണങ്ങളിലെ വിശാലമായ കളിക്കളങ്ങള്‍ ആണ്.ഇത്തരം നിര്‍മാണങ്ങള്‍ നടക്കുന്നതോടെ നിലവിലെ കളിക്കളം ഉപയോഗശൂന്യമാകും. പതിറ്റാണ്ടുകള്‍ക്ക് മുന്‍പായി സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചതാണ് ഗ്രാമങ്ങളിലെ കളിക്കളങ്ങളുടെ നിര്‍മാണം.
പദ്ധതി വര്‍ഷങ്ങള്‍ പലതുകഴിഞ്ഞിട്ടും 40 ശതമാനം ഗ്രാമ പഞ്ചായത്തുകളില്‍ പോലും മൈതാനങ്ങള്‍ രൂപപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ ഗ്രാമീണ മേഖലകളില്‍ കളിക്കളങ്ങള്‍ ഉണ്ടാക്കാനും പ്രദേശിക ഭരണകൂടങ്ങളും വിമുഖതയും നിലവിലുണ്ട്.
കായികരംഗത്ത് രാജ്യത്തിനുതന്നെ അഭിമാനമാകുന്ന കുതിപ്പുമായാണ് കേരളം നിലകൊള്ളുന്നത്. ഇങ്ങനെയുള്ള കായിക സംസ്‌ക്കാരത്തിന്റെ ഉടമകളായ കേരളത്തിലെ കുരുന്നുകളുടെ കായികമോഹത്തിന് തിരശ്ശീല വിഴുന്ന സാഹചര്യമാണ് സംസ്ഥാനത്ത് സ്‌കൂളുകളിലൂടെ ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."