കിടപ്പുമുറികള്‍ ഇനി ക്ലാസ് മുറികള്‍
എടച്ചേരി: മുതുവടത്തൂരിലെ ആ വീട്ടില്‍ ഇനി കുറച്ചുകാലം കിടപ്പുമുറികളില്ല. അവ ഇനിമുതല്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ് മുറികളാണ്. വരാന്തയില്‍ കോളിങ് ബെല്ലിനൊപ്പം സ്‌കൂള്‍ ബെല്ലും തൂങ്ങിക്കിടക്കും. ചോമ്പാല്‍ സബ്ജില്ലയിലെ മുതുടത്തൂര്‍ വി.വി എല്‍.പി സ്‌കൂളിലെ പഠനമാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രദേശത്തെ പ്രവാസി വ്യവസായിയായ പരവറവിട ബഷീര്‍ മാസങ്ങള്‍ക്ക് മുന്‍പ് സ്‌കൂള്‍ മാനേജ്‌മെന്റ് പദവി ഏറ്റെടുത്തതോടെ ആധുനിക രീതിയില്‍ പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു.
അവധിക്കാലത്ത് പഴയ കെട്ടിടം പൊളിച്ചു മാറ്റിയെങ്കിലും പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിനാല്‍ സ്‌കൂള്‍ തൊട്ടടുത്ത വീട്ടിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതോടെ പുതിയ വര്‍ഷത്തെ സ്‌കൂള്‍ പ്രവേശനോത്സവം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗൃഹപ്രവേശനമായി മാറി. ഈ വീട്ടിലും തൊട്ടടുത്ത ഷെഡിലുമായാണ് കുട്ടികളുടെ താല്‍ക്കാലിക പഠനം നടക്കുക.
പുതിയ മാനേജ്‌മെന്റ് സ്‌കൂളിനു വേണ്ട എല്ലാ സൗകര്യങ്ങളും താല്‍ക്കാലിക വീട്ടിലും ഷെഡിലും ഒരുക്കിയിട്ടുണ്ട്. പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും മാനേജര്‍ ബാഗും കുടയും സൗജന്യമായി നല്‍കി.
ഇവയുടെ വിതരണോദ്ഘാടനം ബഷീറിന്റെ മാതാവ് പി.വി ബിയ്യാത്തു നിര്‍വഹിച്ചു. സ്‌കൂള്‍ പുതുക്കിപ്പണിയുന്നതറിഞ്ഞതോടെ മുന്‍പ് മടിച്ചുതിന്ന രക്ഷിതാക്കളില്‍ പലരും തങ്ങളുടെ മക്കളെ ഇവിടേക്ക് തന്നെ പറഞ്ഞയക്കുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം 60 കുട്ടികള്‍ മാത്രമുണ്ടായിരുന്ന സ്‌കൂളില്‍ ഈ വര്‍ഷം 100ല്‍പ്പരം കുട്ടികളുണ്ട്. മാനേജ്‌മെന്റ്, പി.ടി.എ, സ്‌കൂള്‍ സംരക്ഷണസമിതി തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഇതിനു പിന്നിലെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു.
പ്രവേശനോത്സവം വാര്‍ഡ് വികസനസമിതി കണ്‍വീനര്‍ കെ ബാലന്‍ ഉദ്ഘാടനം ചെയ്തു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിക്കുന്ന സ്‌കൂളിന്റെ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്.
മുതുവടത്തൂരിനും തൊട്ടടുത്ത പ്രദേശത്തിനും മുതല്‍ക്കൂട്ടാവുമെന്ന് പ്രതീക്ഷിക്കുന്ന സകൂള്‍ കെട്ടിടത്തിന്റെ പ്രവൃത്തി അടുത്ത ജനുവരിയില്‍ പൂര്‍ത്തിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."