ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുതലമൂരിയുമായി രണ്ടുപേര്‍ പിടിയില്‍
കൊച്ചി: പള്ളിക്കര റൂട്ടില്‍ അത്താണി ഐ.എം.ജി ജങ്ഷനു സമീപത്തുനിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇരുതലമൂരിയുമായി രണ്ടു പേര്‍ പിടിയില്‍. കോട്ടയം ചങ്ങനാശ്ശേരി സ്വദേശികളായ വി.ആര്‍ ജയപാലന്‍, കെ.എ ശ്രീനിവാസ് എന്നിവരെയാണ് പെരുമ്പാവൂര്‍ ഫോറസ്റ്റ് വിജിലന്‍സ് വിഭാഗം പിടികൂടിയത്.
പരിശോധനയില്‍ പിടികൂടിയ ഇരുതലമൂരിയെയും പ്രതികളെയും തുടര്‍നടപടികര്‍ക്കായി മേയ്ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷനു കൈമാറി. എറണാകുളം കേന്ദ്രികരിച്ച് അനധികൃതമായി ഇരുതലമൂരി വില്‍പ്പന നടക്കുന്നതായി ഫ്‌ളയിങ് സ്‌ക്വാഡിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇരുതലമൂരിയെ സൂക്ഷിച്ചാല്‍ ഭാഗ്യമെത്തും എന്ന അന്ധവിശ്വാസത്തിന്റെ മറവിലാണ് ഇവയ്ക്ക് ആവശ്യക്കാരെത്തുന്നത്. വനം വകുപ്പിന്റെ ഷെഡ്യൂള്‍ നാലില്‍പ്പെട്ട ജീവിയാണ് ഇരുതലമൂരി. ഇതിനെ പിടികൂടുന്നതും വില്‍ക്കുന്നതും കൊല്ലുന്നതും കുറ്റമാണ്.
ജനങ്ങള്‍ക്കിടയിലുള്ള അന്ധവിശ്വാസവും മിഥ്യാധാരണകളും മുതലെടുത്താണ് ഇത്തരം സംഘങ്ങള്‍ ഇരുതലമൂരി, നക്ഷത്ര ആമ, വെള്ളിമൂങ്ങ, ഈനാംപേച്ചി തുടങ്ങിയ വന്യജീവികളെ വില്‍പന നടത്തി ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."