സ്റ്റാളുകള്ക്കെതിരേ കര്‍ശന നടപടിയെന്ന് കലക്ടര്‍
കോഴിക്കോട്: മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായും വിവിധ സ്ഥലങ്ങളില്‍ നിന്ന് പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലും കോഴിക്കോട് കോര്പറേഷന് പരിധിയിലെ ചിക്കന്‍ സ്റ്റാളുകള്‍ക്കും ബീഫ് സ്റ്റാളുകള്ക്കുമെതിരേ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്തിറങ്ങി.
കടല്‍ തീരത്തും മറ്റു പൊതുസ്ഥലങ്ങളിലും അറവു മാലിന്യ നിക്ഷേപം നടത്തുന്നവര്‍ക്കെതിരേയാണ് ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്. പകര്‍ച്ചവ്യാധികള്‍ക്ക് ഇടയാക്കുന്ന വിധമുള്ള മാലിന്യ നിക്ഷേപം സംബന്ധിച്ച് ജില്ലാ കലക്ടര്‍ കോര്പറേഷന് ഹെല്‍ത്ത് ഓഫിസറില്‍ നിന്ന് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കോഴിക്കോട് ബീച്ചിനെ മാലിന്യ മുക്തമാക്കുന്നതിനും മഴക്കാല രോഗങ്ങള്‍ പടരുന്നത് തടയുന്നതിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും.
മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് ബീഫ്, ചിക്കന്‍ സ്റ്റാളുകളില്‍ പരിശോധന നടത്തി മൂന്നു ദിവസത്തിനകം കോര്പറേഷന് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്കാന് മൂന്നംഗം സമിതിക്ക് രൂപം നല്കി.
കോഴിക്കോട് ഭൂരേഖ വിഭാഗം തഹസിര്ദാര്, വാര്‍ഡ്തല ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി എന്നിവര്‍ ഉള്‍ക്കൊള്ളുന്നതാണ് സമിതി.
സ്റ്റാളുകള്ക്കകത്ത് ഒരുകാരണവശാലും ആട്-മാടുകളെ അറവു നടത്താന്‍ പാടില്ല. കോര്പറേഷന് നല്കുന്ന ലൈസന്‍സ് ഉണ്ടായിരിക്കണം, ഇറച്ചി, തല, ശരീര ഭാഗങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ച് കച്ചവടം നടത്താന്‍ പാടുള്ളതല്ല.
ഇറച്ചി കൈകാര്യം ചെയ്യുന്ന ആള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഉണ്ടായിരിക്കണം. അറവു മാലിന്യം സ്വമേധയാ ശാസ്ത്രീയമായി സംസ്കരിക്കണം. ഇത്തരം വിഷയങ്ങളാണ് സമിതി സ്റ്റാളുകള്‍ സന്ദര്‍ശിച്ച് വിലയിരുത്തുക.
സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പത്തു ദിവസത്തിനകം കടകളുടെ പ്രവര്‍ത്തനം നിരോധിക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാ കലക്ടര്‍ കോര്പറേഷന് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."