ശബരിമല സ്ത്രീ പ്രവേശനം: പ്രതിഷേധം കനക്കുന്നു
പുതുക്കാട്: ശബരിമലയില്‍ സ്ത്രീ പ്രവേശന വിധിക്കെതിരേ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ ആമ്പല്ലൂരില്‍ ദേശീയപാത ഉപരോധിച്ചു.
കുണ്ടുകാവ് ഭഗവതി ക്ഷേത്രപരിസരത്ത് നിന്ന് ആരംഭിച്ച ജാഥയോടുകൂടിയെത്തിയ വിശ്വാസികള്‍ ദേശീയപാതയും സര്‍വിസ് റോഡും അരമണിക്കൂറോളം പൂര്‍ണമായി ഉപരോധിച്ചു. ആംബുലന്‍സ് ഉള്‍പ്പടെയുള്ള അവശ്യ സര്‍വിസുകള്‍ മാത്രമാണ് കടത്തിവിട്ടത്. ദേശീയപാതയുടെ ഇരുഭാഗങ്ങളിലും പ്രധാനപ്പെട്ട റോഡുകളിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി അഡ്വ. രമേഷ് കൂട്ടാല ഉപരോധസമരം ഉദ്ഘാടനം ചെയ്തു. കെ.ആര്‍ ദേവദാസ്, എന്‍.പി മുരളി സംസാരിച്ചു. സ്ത്രീകള്‍ ഉള്‍പ്പടെ ആയിരത്തോളം പേര്‍ ഉപരോധസമരത്തില്‍ പങ്കെടുത്തു. ദേശീയപാത ഉപരോധിച്ച അഞ്ഞൂറോളം പേര്‍ക്കെതിരെ പുതുക്കാട് പൊലിസ് കേസെടുത്തു.
കുന്നംകുളം : ഇന്നലെ രാവിലെ കക്കാട് ശ്രീ ഗണപതി ക്ഷേത്രനടയില്‍ നിന്നും സ്ത്രീകളുള്‍പടേയുള്ള വിശ്വാസികള്‍ പങ്കെടുത്ത റാലി നഗരം ചുറ്റി തൃശൂര്‍ റോഡിലെത്തി. തുടര്‍ന്ന് അര മണിക്കൂര്‍ നേരം നീണ്ട ഉപരോധസമരം അനീഷ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഷാജി പാക്കത്ത് അധ്യക്ഷനായി. കുന്നംകുളം എ.സി.പി പി.എസ് സിനോജ്, കെ.ജി സുരേഷ്‌കുമാര്‍, എസ്.ഐ യു.കെ ഷാജഹാന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു.
പി.കെ ബിജു എം.പിയുടെ വാഹനം തടഞ്ഞു
വടക്കാഞ്ചേരി: ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിശ്വാസികള്‍ സംസ്ഥാന പാതയില്‍ ഓട്ടുപാറ പട്ടണത്തില്‍ നടത്തിയ റോഡ് ഉപരോധ സമരപരിസരത്തേക്ക് എത്തിയ ഡോ. പി.കെ ബിജു എം.പിയുടെ വാഹനം ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ തടഞ്ഞത് നഗരത്തില്‍ ഏറെ നേരം ആശങ്കയുണ്ടാക്കി.
റോഡില്‍ നിരയായി നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കിടയിലൂടെ എം.പി ഷൊര്‍ണൂര്‍ ഭാഗത്തേക്ക് കടന്നു പോകാന്‍ ശ്രമിച്ചതാണ് സംഘര്‍ഷഭരിതമായ രംഗങ്ങള്‍ സൃഷ്ടിച്ചത്. സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നൂറ് കണക്കിന് പേര്‍ നടുറോഡില്‍ കുത്തിയിരുപ്പ് സമരം തുടരുന്നതിനിടയിലൂടെ വാഹനം കടത്തിവിടില്ലെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചു.
ഇതോടെ വാഹനത്തില്‍ നിന്ന് എം.പി ഇറങ്ങിയതോടെ രംഗം കൂടുതല്‍ വഷളായി. പൊലിസിന്റെ സമയോചിതമായ ഇടപെടലാണ് വലിയ സംഘര്‍ഷം ഒഴിവാക്കിയത്. പൊലിസ് അഭ്യര്‍ഥനയെ തുടര്‍ന്ന് എം.പി തിരികെ മടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."