HOME
DETAILS
MAL
ശ്രീറാമിന്റെ ഔദ്യോഗിക ജീവിതത്തെ ബാധിക്കും
backup
August 03 2019 | 20:08 PM
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ശ്രീറാം വെങ്കിട്ടരാമനെ കാത്തിരിക്കുന്നത് ഔദ്യോഗികജീവിതത്തെ ബാധിക്കുന്ന നടപടിക്രമങ്ങള്‍. ക്രിമിനല്‍ കുറ്റകൃത്യം ചെയ്യുന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാന്‍ നിയമം അനുശാസിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു.
നിര്‍ത്തിയിട്ട വണ്ടിയിലേക്കാണ് കാര്‍ ഇടിച്ചുകയറ്റിയത്. സിവില്‍ സര്‍വിസ് പെരുമാറ്റച്ചട്ടം അനുസരിച്ച് ഉദ്യോഗസ്ഥര്‍ മദ്യപിച്ചോ ലഹരിക്കടിമയായോ പൊതുസമൂഹത്തിന്റെ മുന്നിലെത്താന്‍ പാടില്ല. ക്രിമിനല്‍ കേസ് തീര്‍പ്പുകല്‍പ്പിക്കുന്നതിന് മുന്‍പ് തന്നെ അച്ചടക്ക നടപടിയെടുക്കാം.കുറ്റകൃത്യം ചെയ്തത് ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെങ്കിലും എഫ്.ഐ.ആര് ഫയല്‍ ചെയ്തിട്ടുണ്ടെങ്കില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടാല്‍ റിമാന്‍ഡില്‍ വയ്ക്കാം. 48 മണിക്കൂറിന് മുകളില്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലോ പൊലിസ് കസ്റ്റഡിയിലോ വച്ചിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യണം.
റിമാന്‍ഡ് കാലാവധിക്കു ശേഷം തിരികെ സര്‍വിസില്‍ പ്രവേശിക്കുമ്പോള്‍ സസ്പെന്ഷന് പിന്‍വലിച്ച് അച്ചടക്ക നടപടിയെടുക്കണം. സസ്പെന്ഷന് ഷുഡ് ബി ഫോളോവ്ഡ് ബൈ എ ചാര്‍ജ് ഷീറ്റ് എന്നാണ് ഇതിന് പറയുന്നത്. ചെയ്ത കുറ്റത്തിന്റെ ആഴമനുസരിച്ചാണ് ശിക്ഷ നല്‍കുന്നത്. സിവില്‍ തര്‍ക്കമാണെങ്കില്‍ ചെറിയ ശിക്ഷ (മൈനര്‍ പെനാല്‍റ്റി). ക്രിമിനല്‍ കുറ്റമാണെങ്കില്‍ ശിക്ഷയുടെ കാഠിന്യം വര്‍ധിക്കും (മേജര്‍ പെനാല്‍റ്റി).
ശമ്പളം വെട്ടിക്കുറയ്ക്കുക, തരംതാഴ്ത്തുക, ഇന്‍ക്രിമെന്റ് തടയുക എന്നിവയാണ് മൈനര്‍ പെനാലിറ്റി. മൂന്നുവര്‍ഷം വരെ ഇന്‍ക്രിമെന്റ് തടയാന്‍ പറ്റും. മേജര്‍ പെനാലിറ്റിയില്‍ സര്‍വിസില്‍ നിന്ന് പിരിച്ചുവിടാം. അതുമല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കല്‍ കൊടുക്കാം. അച്ചടക്കസമിതിയാണ് ഇത് തീരുമാനിക്കുന്നത്. ശ്രീറാമിന്റെ കാര്യത്തില്‍ അച്ചടക്ക നടപടിയെടുക്കാന്‍ അധികാരമുള്ളത് മുഖ്യമന്ത്രിക്കോ വകുപ്പ് സെക്രട്ടറിക്കോ ചീഫ് സെക്രട്ടറിക്കോ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."