മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ആരംഭിച്ചു
പുല്‍പ്പള്ളി: വയനാട് കോഫിയെ പ്രത്യേകമായി ബ്രാന്‍ഡ് ചെയ്ത് ഉല്‍പാദിപ്പിക്കുന്നതിന് കമ്പനി രൂപവല്‍കരിക്കുമെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
മന്ത്രിസഭാ വാര്‍ഷികത്തിന്റെ ഭാഗമായി ജില്ലക്കനുവദിച്ച മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി സമഗ്ര വരള്‍ച്ചാ ലഘൂകരണ പദ്ധതി ഉദ്ഘാടനം പുല്‍പ്പള്ളി സേക്രട്ട്ഹാര്‍ട് ചര്‍ച്ച് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മൂന്ന്‌വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ 80.20 കോടി രൂപ ചെലവഴിച്ചുള്ള പദ്ധതിയാണിത്. വയനാടിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
മൂന്നു പതിറ്റാണ്ടായി വരള്‍ച്ച നേരിടുന്ന പ്രദേശമാണ് മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പഞ്ചായത്ത്. ഇവിടുത്തെ ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തി ജല ലഭ്യതയും ഫലഭൂയിഷ്ഠതയും വര്‍ധിപ്പിക്കാനുള്ള ശാസ്ത്രീയമായ പദ്ധതിയാണിത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചേക്കാവുന്ന ദുരന്തത്തിന്റെ സൂചനയാണ് മുള്ളന്‍കൊല്ലി-പുല്‍പ്പള്ളി പ്രദേശങ്ങളില്‍ കണ്ടത്. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, എ.ഡി.എം കെ.എം രാജു, മണ്ണുപര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി സുബ്രഹ്മണ്യന്‍, കെ.ജെ പോള്‍, ശിവരാമന്‍ പാറക്കുഴി, ശ്രീജ സാബു, പി.സി സജി, മേഴ്‌സി ബെന്നി, എ.എന്‍ പ്രഭാകരന്‍, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ പങ്കെടുത്തു. ഈ സാമ്പത്തിക വര്‍ഷം പദ്ധതിക്കായി 20 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് 1.20 കോടി രൂപയും പനമരം ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മുള്ളന്‍കൊല്ലി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തുകള്‍ 50 ലക്ഷം രൂപ വീതവും ഉള്‍പ്പെടെ 2.40 കോടി രൂപ ത്രിതല പഞ്ചായത്തുകളുടെ വിഹിതമായി ഈ പദ്ധതിക്ക് വേണ്ടി വിനിയോഗിക്കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി 3.46 ലക്ഷം തൊഴില്‍ ദിനങ്ങളും ഈ പദ്ധതി പ്രകാരം വിഭാവനം ചെയ്യുന്നുണ്ട്. കബനീ തീരത്ത് 12 കിലോമീറ്റര്‍ നീളത്തില്‍ മൂന്ന് വരിയില്‍ തനതു നാടന്‍ ഇനത്തില്‍പ്പെട്ട വൃക്ഷത്തൈകള്‍ നടുകയും തുടര്‍ന്നുള്ള മൂന്ന് വര്‍ഷത്തേക്ക് അവയെ പരിപാലിക്കുകയും ചെയ്യും. 6000 ഹെക്ടര്‍ കര പ്രദേശത്ത് നാടന്‍ ഇനത്തില്‍പ്പെട്ട 15000 വൃക്ഷത്തൈകള്‍ പദ്ധതി പ്രദേശത്തെ തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലെ പരിസ്ഥിതി ക്ലബുകളുടെ സഹായത്തോടുകൂടി വച്ചുപിടിപ്പിക്കുകയും മൂന്ന് വര്‍ഷത്തേക്ക് പരിപാലിക്കുകയും ചെയ്യും. പദ്ധതി പ്രദേശത്തെ ചെറുതും വലുതുമായ നീര്‍ച്ചാലുകളുടെ ഓരങ്ങളില്‍ 100 കി.മീ. നീളത്തില്‍ ഓട, മുള എന്നിവ വച്ചു പിടിപ്പിച്ച് രണ്ട് വര്‍ഷത്തേക്ക് പരിപാലിക്കും. 200 ഹെക്ടര്‍ സ്ഥലത്ത് തീറ്റപ്പുല്‍കൃഷിക്ക് ധനസഹായം നല്‍കി തീറ്റപ്പുല്‍ക്ഷാമം പരിഹരിക്കും. 200 ഹെക്ടര്‍ സ്ഥലത്ത് കരനെല്‍കൃഷി നടപ്പിലാക്കും. പദ്ധതിയുടെ ഭാഗമായി 500 കുളങ്ങളും തടയണകളും നിര്‍മിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."