പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനം: പണിയര്‍ സമാജം ഇടയുന്നു
കല്‍പ്പറ്റ: ആദിവാസികളിലെ പണിയ, അടിയ വിഭാഗങ്ങളില്‍നിന്നുള്ളവര്‍ക്ക് പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ പി.എസ്.സി മുഖേന പ്രത്യേക നിയമനം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡങ്ങളില്‍ ഒന്നിനെച്ചൊല്ലി കേരള പണിയര്‍ സമാജം ഇടയുന്നു.
ഈ വകുപ്പുകളില്‍ പ്രത്യേക നിയമനത്തിന് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ഥികള്‍ വനത്തിലോ വനാതിര്‍ത്തിയിലോ താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥയാണ് പണിയര്‍ സമാജത്തെ ചൊടിപ്പിച്ചിരിക്കുന്നത്. അപേക്ഷകന്‍ വനത്തിലോ വനാതിര്‍ത്തിയിലോ താമസക്കാരനാണെന്ന സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട വനം ഉദ്യോഗസ്ഥനോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസറോ അനുവദിക്കണം. വനത്തിനു 10 കിലോ മീറ്റര്‍ അകലെ താമസിക്കുന്ന പണിയ, അടിയ വിഭാഗങ്ങളിലെ ഉദ്യോഗാര്‍ഥികള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല.
അതിനാല്‍ വിദ്യാഭ്യാസ, ശാരീരിക യോഗ്യതകള്‍ ഉണ്ടായിട്ടും നിരവധി ചെറുപ്പക്കാര്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. ഉദ്യോഗാര്‍ഥികള്‍ വനത്തിലോ അതിര്‍ത്തിയിലോ താമസക്കാരാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യണമെന്ന് പണിയര്‍ സമാജം സംസ്ഥാന പ്രസിഡന്റ് കെ. ബല്‍റാം, ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണന്‍ വൈത്തിരി, ജില്ലാ കമ്മിറ്റി അംഗങ്ങളായ മണി പൊഴുതന, വി.ആര്‍. രമേശ് എന്നിവര്‍ ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ അടിയന്തര നടപടി ഉണ്ടായില്ലെങ്കില്‍ ഉദ്യോഗാര്‍ഥികളെ സംഘടിപ്പിച്ച് ശക്തമായ സമരത്തിനു സമാജം നേതൃത്വം നല്‍കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. വയനാട്ടില്‍ ആദിവാസികളിലെ പ്രബല വിഭാഗമാണ് പണിയര്‍. വനവാസികളായിരുന്ന ഇവര്‍ ഒരു നൂറ്റാണ്ടു മുന്‍പ് കാടിറങ്ങിയതാണ്. അടിയര്‍ വനവാസികള്‍ ആയിരുന്നില്ല. ചെട്ടിമാര്‍ ഉള്‍പ്പെടെ വന്‍കിട ഭൂവുടമകളുടെ തോട്ടങ്ങള്‍ക്ക് അതിരില്‍ വയലിനോടു ചേര്‍ന്നാണ് പണിയരും അടിയരും താമസിച്ചുവന്നിരുന്നത്.
പതിറ്റാണ്ടുകളായി വിറക്, കുടില്‍നിര്‍മാണത്തിനു ആവശ്യമായ മുള തുടങ്ങിയ ചെറുകിട വിഭവങ്ങള്‍ക്കായാണ് പണിയരും അടിയരും വനത്തെ പ്രധാനമായും ആശ്രയിച്ചിരുന്നത്. പണിയ വിഭാഗത്തില്‍പ്പെട്ടവര്‍ മൃതദേഹങ്ങള്‍ മറവുചെയ്തിരുന്നതും വനത്തിലായിരുന്നു. വനനിയമങ്ങളുടെ നടത്തിപ്പ് കര്‍ശനമായതോടെയാണ് ഈ അവസ്ഥ മാറിയത്. ഭൂസമരകേന്ദ്രങ്ങിലടക്കം താമസിക്കുന്ന പണിയ, അടിയ ഉദ്യോഗാര്‍ഥികള്‍ക്ക് പൊലിസ്, എക്‌സൈസ് വകുപ്പുകളില്‍ നിയമനത്തിനു അപേക്ഷിക്കാവുന്ന സാഹചര്യം സൃഷ്ടിക്കണമെന്ന് പണിയര്‍ സമാജം നേതാക്കള്‍ ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനു ജില്ലയിലെ എംഎല്‍എമാരായ സി.കെ. ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍. കേളു എന്നിവരെ നേരില്‍ക്കണ്ട് നിവേദനം നല്‍കുമെന്ന് അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."