അനര്‍ഹര്‍ക്ക് നല്‍കിയ പ്രളയദുരിത ധനസഹായം തിരിച്ചുപിടിക്കണമെന്ന്
പട്ടാമ്പി: പ്രളയബാധിതര്‍ക്കുള്ള ആദ്യഗഡു ധനസഹായം അനര്‍ഹര്‍ക്ക്് നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചുപിടിക്കാന്‍ നടപടിവേണമെന്ന് പട്ടാമ്പി താലൂക്ക് വികസനസമിതി യോഗത്തില്‍ ആവശ്യം. ഇക്കാര്യത്തില്‍ വിശദമായ പരിശോധന നടത്താന്‍ യോഗം തീരുമാനിച്ചു. പുഴകൈയേറ്റം, റോഡുതകര്‍ച്ച എന്നിവയും യോഗത്തില്‍ ഗൗരവമുള്ള ചര്‍ച്ചയായി. പ്രളയബാധിതര്‍ക്കുള്ള ആദ്യഗഡു ധനസഹായവിതരണം 15-നകം പൂര്‍ത്തിയാക്കുമെന്ന് തഹസില്‍ദാര്‍ സി.ആര്‍. കാര്‍ത്യായനിദേവി അറിയിച്ചു. പട്ടാമ്പിയില്‍ പ്രളയബാധിതര്‍ക്കുള്ള ഭക്ഷ്യധാന്യങ്ങള്‍ അനധികൃതമായി വിതരണംചെയ്ത സംഭവത്തില്‍ കലക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ കെ.എസ്.ബി.എ. തങ്ങള്‍ കുറ്റപ്പെടുത്തി. വി.ടി. ബല്‍റാം എം.എല്‍.എ യോഗത്തില്‍ അധ്യക്ഷനായി.
തൃത്താല ഉള്‍പ്പെടെ ഭാരതപ്പുഴയിലെ കൈയേറ്റങ്ങളൊഴിപ്പിക്കാന്‍ നടപടിവേണമെന്ന് വി.ടി. ബല്‍റാം എം.എല്‍.എ. ആവശ്യപ്പെട്ടു. വല്ലപ്പുഴ-മുളയങ്കാവ്, വല്ലപ്പുഴ-വാണിയംകുളം, പട്ടാമ്പി-കുളപ്പുള്ളി, പട്ടാമ്പി-പുലാമന്തോള്‍, പട്ടാമ്പി-തൃത്താല റോഡുകളുടെ ശോച്യാവസ്ഥയും യോഗത്തില്‍ ചര്‍ച്ചയായി. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി നടപടി തുടങ്ങിയെന്നും 16-നകം മിക്കറോഡുകളുടെയും ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുമെന്നും പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഭാരതപ്പുഴയില്‍നിന്നും തൂതപ്പുഴയില്‍നിന്നും മണല്‍കടത്തില്‍ പിടികൂടുന്ന വാഹനങ്ങള്‍ എന്തടിസ്ഥാനത്തിലാണ് വിട്ടുകൊടുക്കുന്നതെന്നും ആരാണ് ഇതിന് ശുപാര്‍ശ ചെയ്യുന്നതെന്നും താലൂക്ക് സമിതിയില്‍ ബന്ധപ്പെട്ടവര്‍ അറിയിക്കണമെന്നും വിളയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മുരളി ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. മുരളി, കൃഷ്ണകുമാര്‍, നന്ദവിലാസിനി, വൈസ്പ്രസിഡന്റ് ടി.പി. കേശവന്‍, തഹസില്‍ദാര്‍ കാര്‍ത്യായനിദേവി, ഡെപ്യൂട്ടി തഹസില്‍ദാര്‍ സെയ്തുമുഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."