വിഭജനത്തിനു ശേഷം ഇതാദ്യമായി പാകിസ്താനിലെ സിഖ് ഗുരുദ്വാര തുറന്നുകൊടുത്തു
ലാഹോര്‍: ഇന്ത്യ-പാക് വിഭജനത്തോടെ 1947 മുതല്‍ അടച്ചിട്ട സിഖ് ഗുരുദ്വാര പാക് സര്‍ക്കാര്‍ പ്രാര്‍ഥനയ്ക്കായി തുറന്നുകൊടുത്തു. യുനെസ്കോ പൈതൃക ഭൂപടത്തില്‍ ഇടംപിടിച്ച റോട്ടാസ് കോട്ടക്കു സമീപമുള്ള പ്രശസ്തമായ ചോവ സാഹിബ് ഗുരുദ്വാര സമുദായ നേതാക്കളുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വര്‍ണാഭമായ ചടങ്ങോടെയാണ് തുറന്നത്.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആരാധനാസ്ഥലങ്ങള്‍ പരിപാലിക്കുന്ന ഇവാഖീ ട്രസ്റ്റ് പ്രോപര്‍ട്ടി ബോര്‍ഡ് ചെയര്മാന് ഡോ. ആമിര്‍ അഹ്മദ് വിശിഷ്ടാതിഥിയായിരുന്നു.
പാകിസ്താന് സിഖ് ഗുരുദ്വാര പര്ബന്ധിക് കമ്മിറ്റി പ്രസിഡന്റ് സര്‍ദാര്‍ സത്വന്ത് സിന്ദും പങ്കെടുത്തു. ഇത് വിദേശികള്‍ക്കു കൂടി വേണ്ടിയാണ് തുറന്നിരിക്കുന്നത്. ഇന്ത്യയില്‍ നിന്നോ മറ്റോ വരുന്ന സിഖ്മതക്കാര്ക്കെല്ലാം ഇവിടേക്ക് സ്വാഗതം- ഇവാഖീ ട്രസ്റ്റ് വക്താവ് അമീര്‍ ഹാശ്മി പറഞ്ഞു.
വിഭജനകാലത്ത് അടച്ചിട്ട ആയിരംവര്‍ഷം പഴക്കമുള്ള ശവാല തേജ സിങ് ക്ഷേത്രം ഈയിടെയാണ് ഹിന്ദുമതവിശ്വാസികള്‍ക്കായി തുറന്നുകൊടുത്തത്. ഇമ്രാന്ഖാന് പ്രധാനമന്ത്രിയായ ശേഷം മതസാഹോദര്യത്തിനു നല്കുന്ന പ്രാധാന്യമായാണ് ഇവ വിലയിരുത്തപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."