റാട്ടപ്പുരക്ക് തീപിടിച്ച സംഭവത്തില്‍ ദുരൂഹത; വിദഗ്ധ സംഘം പരിശോധന നടത്തി
കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ തീപിടിത്തമുണ്ടായ റാട്ടപ്പുരയില്‍ വിദഗ്ധസംഘം പരിശോധന നടത്തി. മലവാരത്തോട് ചേര്‍ന്ന കോട്ടമ്മല്‍ സുബൈദയുടെ റബര്‍ തോട്ടത്തിനുള്ളിലെ റാട്ടപുരയിലാണ് തീപ്പിടിത്തമുണ്ടായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. വണ്ടൂര്‍ സി.ഐ അന്വേഷിക്കുന്ന കേസില്‍ തെളിവു ശേഖരണത്തിന്റെ ഭാഗമായി വിരലടയാള വിദഗ്ധര്‍, രാസപരിശോധനാ വിഭാഗം എന്നിവരാണ് പരിശോധന നടത്തിയത്.
റാട്ടപ്പുരയില്‍ 2000 റബര്‍ഷീറ്റ് ഉണക്കാനിട്ടിരുന്നതായിട്ടാണ് ഉടമയും തൊഴിലാളികളും പറയുന്നത്. ഇത്രയും ഷീറ്റുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് പ്രാഥമിക നിഗമനത്തില്‍ തന്നെ വ്യക്തമായിട്ടുണ്ട്. റാട്ടപ്പുരയുടെ കിഴക്ക് ഭാഗത്തെ ജനല്‍ ഇളക്കി മാറ്റിയ നിലയിലാണ്.
50 ല്‍ താഴെ ഷീറ്റുകള്‍ മാത്രമാണ് കത്തിയിട്ടുണ്ടാവുകയെന്നാണ് പൊലിസ് പറയുന്നത്. മോഷ്ടാക്കളാവും സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെങ്കിലും തീപിടിത്തത്തില്‍ ദുരൂഹത നീക്കാനായിട്ടില്ല.
ഉണക്കാനിട്ടിരുന്ന ഷീറ്റുകള്‍ എടുത്തതിന് ശേഷം മോഷ്ടാക്കള്‍ തീയിട്ടതാവുമെന്നാണ് സംശയിക്കുന്നത്. ഞായറാഴ്ച കോഴിക്കോട് നിന്നെത്തിയ രാസ പരിശോധന വിഭാഗത്തിലെ വി. മിനിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. വിദഗ്ധ പരിശോധനയ്ക്കായി സംഭവ സ്ഥലത്ത് നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. കാളികാവ് എസ്.ഐ ഇ.വി സുരേഷ് കുമാര്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ രവികുമാര്‍, സിവില്‍ പൊലിസ് ഓഫീസര്‍ ബിന്ദു മോള്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
ശനിയാഴ്ച വണ്ടൂര്‍ സി.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
മലവാരത്തുണ്ടാകുന്ന അക്രമണ സംഭവത്തിലെ ദുരൂഹതകള്‍ നീക്കണമെന്ന് ചോക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന ഗഫൂര്‍, കാളികാവ് ബ്ലോക്ക് പഞ്ചായത്തംഗം പൈനാട്ടില്‍ അഷ്‌റഫ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."