കോളനിയിലെ തീപിടിത്തങ്ങള്‍ പൊലിസിനെ കുഴയ്ക്കുന്നു
കാളികാവ്: ചോക്കാട് നാല്പത് സെന്റ് ആദിവാസി കോളനിയില്‍ വീണ്ടും തീപിടിത്തമുണ്ടായതു പൊലിസിനെ കുഴയ്ക്കുന്നു. കാളികാവ് സി.എച്ച്.സി യിലെ താല്‍ക്കാലിക ജീവനക്കാരനായ ഒടുക്കന്‍ ബാബുവിന്റെ വീടിനു നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. ഭാര്യയും കുട്ടിയും കിടക്കുന്ന ജനലിലൂടെ മണ്ണെണയൊഴിച്ചു തീയെറിഞ്ഞ് അപായപ്പെടുത്താനുള്ള ശ്രമമാണുണ്ടായത്. ശനിയാഴ്ച പുലര്‍ച്ച കോളനിയോട് ചേര്‍ന്നുള്ള റാട്ടപ്പുരയിലും തീ കൊണ്ടുള്ള ആക്രമണമുണ്ടായി. ജനല്‍ എടുത്ത് മാറ്റിയാണ് റാട്ടപ്പുര കത്തിച്ചിട്ടുള്ളത്.
രണ്ടിടങ്ങളിലും വിരലടയാള വിദഗ്ധരും രാസ പരിശോധന വിഭാഗവും ഉള്‍പ്പെടെയുള്ള വിദഗ്ധസംഘം പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം എതു വഴിക്കു തിരിച്ചു വിടണമെന്നറിയാതെ പൊലിസും കുഴങ്ങിയിരിക്കുകയാണ്. ബാബുവിന്റെ വീടിനു നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ത്തിയ അവസ്ഥയിലാണ്. വ്യക്തി വൈരാഗ്യത്തിന്റെ പേരിലുണ്ടായ വിരോധമാണ് അക്രമണത്തിനു പിന്നിലെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും ആരാണു പ്രതിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
റാട്ടപ്പുര തീയിട്ട സംഭവം കൂടിയായതോടെ വീണ്ടും ദുരൂഹത വര്‍ധിപ്പിച്ചിരിക്കുകയാണ്. റബ്ബര്‍ ഷീറ്റുകള്‍ മോഷ്ടിച്ചതിനു ശേഷം തീയിട്ടതാവും എന്നു പൊലീസ് പറയുന്നുണ്ടെങ്കിലും നിഗമനം ശരിവെക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ല. മലയോരത്തെ റബര്‍ കടകളില്‍ പരിശോധന നടത്തിയെങ്കിലും മോഷണമുതല്‍ കണ്ടെടുക്കാനായിട്ടില്ല.
രണ്ട് അക്രമ സംഭവങ്ങള്‍ക്കു പിന്നിലും ദുരൂഹത നിലനില്‍ക്കുന്നുണ്ട്. പൊലിസിന്റെ അന്വേഷണത്തിനു പുറമെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. മലവാരത്തിനോടു ചേര്‍ന്ന ഭാഗത്തുണ്ടായ സംഭവമായതിനാലാണു പ്രശ്‌നം ഗൗരവത്തിലെടുത്തിട്ടുള്ളത്. ദുരൂഹതയുണ്ടെങ്കിലും ബാഹ്യശക്തിയുടെ ഇടപെടല്‍ ഉണ്ടാകാനുള്ള സാധ്യതയില്ലെന്നാണു ബന്ധപ്പെട്ടവര്‍ പറയുന്നത്. രണ്ടിടങ്ങളിലും തെളിവുകളൊന്നും അവശേഷിപ്പിക്കാതെ ആസൂത്രിതമായ അക്രമ നീക്കമാണ് ഉണ്ടായിട്ടുള്ളത്. രാസപരിശോധന ഫലം ലഭിച്ചാലേ രണ്ടു സംഭവങ്ങളുടേയും സമാനതയെക്കുറിച്ചു പറയാനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."