സിവില്‍ സര്‍വിസ് തിളക്കത്തില്‍ തളിപ്പറമ്പ്
തളിപ്പറമ്പ്: സിവില്‍ സര്‍വിസ് പരീക്ഷയില്‍ റാങ്കിന്റെ തിളക്കവുമായി തളിപ്പറമ്പ്. പരിയാരം ഏമ്പേറ്റ് മേലേരിപ്പുറം സ്വദേശി അതുല്‍ ജനാര്‍ദ്ദനനും കരിമ്പത്തെ ആല്‍ബര്‍ട്ട് ജോണുമാണ് തളിപ്പറമ്പിന്റെ ചരിത്രത്തില്‍ ഐ.എ.എസ് പരീക്ഷയില്‍ ഇരട്ട വിജയം നേടിയെടുത്തത്. മേലേരിപ്പുറത്തെ റിട്ട. ഓണററി ലഫ്റ്റനന്റ് മാടവളപ്പില്‍ ജനാര്‍ദ്ദനന്റെയും ലത കണ്ടങ്കോലിന്റെയും മകന്‍ അതുല്‍ പരീക്ഷയില്‍ ദേശീയതലത്തില്‍ പതിമൂന്നാം റാങ്ക് നേടി സംസ്ഥാനത്ത് ഒന്നാമതായി. മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു ജനനം. പിതാവിന്റെ ജോലിയുടെ സ്വഭാവം കാരണം ഇന്ത്യയുടെ പലഭാഗങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. പയ്യന്നൂര്‍ എടാട്ടെ കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു പത്തു മുതല്‍ പന്ത്രണ്ടു വരെ പഠനം നടത്തിയത്. കുസാറ്റില്‍ നിന്ന് ബിടെക് ഡിസ്റ്റിങ്ഷനോടെ പാസായതിനു ശേഷമാണ് സിവില്‍ സര്‍വിസ് അക്കാദമിയില്‍ പഠനത്തിന് ചേര്‍ന്നത്. തിരുവനന്തപുരം നന്തന്‍കോട്ടെ സിവില്‍ സര്‍വിസ് അക്കാദമിയിലായിരുന്ന അതുല്‍ ഇന്ന് നാട്ടിലെത്തും.
അങ്ങാടിക്കടവ് വി.എച്ച്.എസ്.സിയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ജോണി പി. ജോസഫിന്റെയും വയനാട് ഡി.എം.ഒ ഓഫിസില്‍ സ്റ്റോര്‍ വെരിഫിക്കേഷന്‍ ഓഫിസറായ എല്‍സമ്മയ്യുടെയും മൂത്ത മകനായ ആല്‍ബര്‍ട്ട് ജോണിന് 179ാം റാങ്കാണ് ലഭിച്ചത്.
തളിപ്പറമ്പ് ചിന്മയ വിദ്യാലയത്തില്‍ നിന്നും 2009ല്‍ പന്ത്രണ്ടാംതരം പാസാകുമ്പോള്‍ ബയോളജിയില്‍ 100ല്‍ 99 മാര്‍ക്ക് നേടി ദേശീയതലത്തില്‍ സി.ബി.എസ്.ഇ ടോപ്പറായിരുന്നു ആല്‍ബര്‍ട്ട് ജോണ്‍. പിന്നീട് കോതമംഗലം എം.എ കോളേജില്‍ നിന്ന് സിവില്‍ എന്‍ജിനിയറിങില്‍ ബിരുദവും പേരാവൂര്‍ ഐ.ബി.ടിയില്‍ നിന്ന് ഇതേ ബ്രാഞ്ചില്‍ എം.ടെക്കും കരസ്ഥമാക്കിയതിനു ശേഷമാണ് ഐ.എ.എസ് പരീക്ഷ എഴുതിയത്. ഇപ്പോള്‍ കേരള യൂനിവേഴ്‌സിറ്റിയില്‍ കുഫോസില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നോക്കുന്ന ആല്‍ബര്‍ട്ട് ജോണ്‍ കഴിഞ്ഞ വര്‍ഷത്തെ അനുഭവം വച്ച് ഐ.എ.എസ് സെലക്ഷന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. സഹോദരി ആനി ജോണ്‍ തിരുവനന്തപുരത്ത് ബിടെക് വിദ്യാര്‍ഥിനിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."