റമദാനിലെ രണ്ടു ദുഃഖം
തിരുനബി (സ) ആയിഷ ബീവിയുടെ വീട്ടില്‍ പനിച്ച് കിടക്കുകയാണ്. ബന്ധപ്പെട്ടവരെല്ലാം അവിടെ ഒരുമിച്ചുകൂടിയിരിക്കുന്നു. നബിയുടെ അരികിലതാ ദുഃഖം ഘനീഭവിച്ച് ഹൃദയം വിങ്ങി ഒരു സ്ത്രീ ഇരിക്കുന്നു. മറ്റാരുമല്ല അതു നബിയുടെ കരളിന്റെ കഷ്ണമായ മകള്‍ ഫാത്തിമ... മറ്റേതൊരു പിതാവും പുത്രിയും തമ്മിലുള്ള ബന്ധത്തേക്കാള്‍ ബന്ധവും സ്‌നേഹവുമായിരുന്നല്ലോ അവര്‍ പരസ്പരം. ഖദീജ ബീവിയുടെ വിയോഗത്തോടുകൂടി ഒറ്റപ്പെടലും അനാഥത്വവും അനുഭവിച്ച് കഷ്ടപ്പെടുകയായിരുന്ന പ്രവാചകന്റെ ഇരുളടഞ്ഞ ദുഃഖ ദിനങ്ങള്‍ക്കു വെളിച്ചം പകര്‍ന്ന് സഹായിയും ആശ്വാസവുമായി ഉദിച്ചുയര്‍ന്നതു ഫാത്തിമ ബീവിയായിരുന്നു. ഭാര്യയുടെ പരിചരണവും മാതാവിന്റെ കാരുണ്യവും കൂട്ടുകാരന്റെ സൗഹൃദവും വഴികാട്ടിയുടെ സുരക്ഷിതത്വവും ഫാത്തിമ ബീവി തന്റെ പിതാവിനു ചൊരിഞ്ഞുകൊടുത്തു. എത്രത്തോളമെന്നാല്‍ ഉമ്മു അബീഹ (അവളുടെ പിതാവിന്റെ മാതാവ് എന്ന ഓമനപ്പേര് ഫാത്തിമ ബീവിക്കു ലഭിക്കുകയുണ്ടായി. നബിയുടെ അരികിലിരിക്കുന്ന ഫാത്തിമ ബീവിയുടെ കണ്ണുകള്‍ ചാലിട്ടൊഴുകി. എല്ലാം അവസാനിക്കുകയാണ്. ഞാന്‍ ഇന്നലെവരെ നോക്കിക്കണ്ടിരുന്ന സൂര്യതേജസായ പിതാവ് മറ്റൊരു ലോകത്തേക്കുള്ള യാത്രയിലാണ്. നിയന്ത്രണം സഹിക്കവയ്യാതെ ഫാത്തിമ പൊട്ടിക്കരഞ്ഞു. കണ്ണ് തുറന്ന പ്രവാചകന്‍ തന്റെ ഓമന മകളെ അരികിലേക്കു വിളിച്ചു സ്വകാര്യമായി സംസാരിച്ചു. ഇതുകേട്ട ഫാത്തിമ ആദ്യം കരഞ്ഞു. പിന്നീടു ചിരിച്ചു. എന്താണു സംഭവിച്ചതെന്നു ചോദിച്ചവരോടു ഫാത്തിമ പറഞ്ഞത് ഇങ്ങനെ: എന്റെ പിതാവ് ഞാന്‍ മരിക്കാന്‍ പോവുകയാണെന്നു പറഞ്ഞപ്പോഴാണു ഞാന്‍ കരഞ്ഞത്. അപ്പോള്‍ എന്റെ പിതാവ് പറഞ്ഞു ഫാത്തിമാ കരയരുത്. എന്റെ കുടുംബത്തില്‍ നിന്ന് എന്നിലേക്ക് ആദ്യമെത്തുക നീയായിരിക്കും. ഇതു കേട്ടപ്പോഴാണ് ഞാന്‍ ചിരിച്ചത്. അതെ, പ്രവാചകന്റെ പ്രവചനം പുലരുകയായിരുന്നു. നബി (സ) അന്ത്യത്തിനു ശേഷം ആറുമാസം കഴിഞ്ഞെത്തിയ റമദാനില്‍ ഒരു തിങ്കളാഴ്ച അതു സംഭവിച്ചു. അലി(റ)യേയും അഞ്ചു മക്കളെയും വിട്ട് ഫാത്തിമ ബീവി പ്രിയപിതാവിന്റെ അരികിലേക്കു ചിറകിട്ടടിച്ചു പറന്നുപോയി.
ഹിജ്‌റ നാല്പതാം ആണ്ടിലെ റമദാന്‍ പതിനേഴ്. പതിവുപോലെ സുബ്ഹി നിസ്‌കാരത്തിനായി പള്ളിയിലേക്കു പോവുകയായിരുന്ന അലി(റ)വിനെ ഇരുളിന്റെ മറവില്‍ നിന്നു വിഷലിപ്തമായ കഠാര കൊണ്ട് അബ്ദുല്ലാഹിബ്‌നു മുല്‍ജിം ആഞ്ഞുവെട്ടി വീഴ്ത്തി. നബി (സ) പ്രവചിച്ചതു പോലെ നെറ്റി മുതല്‍ മസ്തിഷ്‌കം വരെയും ആ കഠാര തുളച്ചുകയറി. അതൊരു വെള്ളിയാഴ്ചയായിരുന്നു. ലാഇലാഹ ഇല്ലല്ലാഹ് എന്ന വാക്യം ഉച്ചരിച്ച് റമദാന്‍ 19നു ഞായറാഴ്ച 63ാമത്തെ വയസില്‍ അലി(റ) ലോകത്തോടു വിട പറഞ്ഞു.
(ചെയര്‍മാന്‍, ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."