അറിവിന്റെ തിരുമുറ്റത്ത് കുരുന്നുകള്‍ക്ക് രാജകീയ വരവേല്‍പ്പ്
തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് പറാമ്പള്ളി കൃഷ്ണമാരാര്‍ എ.എല്‍.പി സ്‌കൂളില്‍ വിദ്യാമൃതം നുകരാനെത്തിയ കുരുന്നുകള്‍ക്ക് ലഭിച്ചത് രാജകീയ വരവേല്‍പ്പ്. ബാന്റ് വാദ്യങ്ങളുടെയും മുത്തുക്കുടകളുടെയും വര്‍ണപ്പൂക്കളുടെയും അകമ്പടിയോടെ നൂറുകണക്കിനാളുകള്‍ ഘോഷയാത്രയായാണ് ജില്ലാതല പ്രവേശനോല്‍സവത്തിന് സ്‌കൂളിലേക്ക് കുട്ടികളെ ആനയിച്ചത്. ആഘോഷവും ആനന്ദവും നിറഞ്ഞ അന്തരീക്ഷത്തില്‍ വിശിഷ്ടാതിഥികളായ സംഗീതസംവിധായകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഫുട്‌ബോള്‍ താരം കെ.വി ധനേഷ്, ബാലനടി ബേബി നിരഞ്ജന, ജയിംസ് മാത്യു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവര്‍ ചേര്‍ന്ന് വര്‍ണച്ചിത്രങ്ങള്‍ കൊണ്ടലങ്കരിച്ച സ്‌കൂളിന്റെ മനോഹരമായ അക്ഷരമുറ്റത്തേക്ക് കുട്ടികളെ സ്വീകരിച്ചു. പതിവു കരച്ചിലുകളും പരിഭവങ്ങളുമൊന്നുമില്ലാതെ വിടര്‍ന്ന പുഞ്ചിരിയോടെയെത്തിയ കുട്ടികള്‍ക്ക് ബേബി നിരഞ്ജന സ്‌നേഹപ്പൂക്കള്‍ സമ്മാനിച്ചു. സ്റ്റേജിനു മുന്‍വശത്ത് പ്രത്യേകമായൊരുക്കിയ കുഞ്ഞുകസേരകളില്‍ നവാഗതരെ സ്വീകരിച്ചിരുത്തി. സ്‌കൂളിലെ മറ്റു കുട്ടികള്‍ ചേര്‍ന്ന് അവര്‍ക്കായി സ്വാഗത ഗാനം പാടി.
ഈ വാക്ക് തന്നതെന്നമ്മ, ഈ നന്‍മ തന്നതെന്നമ്മ... എന്നു തുടങ്ങുന്ന മാതൃവാല്‍സല്യത്തെക്കുറിച്ചുള്ള മനോഹരഗാനം കുട്ടികള്‍ക്കായി പാടിയാണ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി ജില്ലാതല പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്.
നാട്ടിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ പൊതുവിദ്യാലയങ്ങളെയല്ലാതെ ആശ്രയിക്കേണ്ടിവരാത്ത ഒരു സാഹചര്യമാണ് സംസ്ഥാന സര്‍ക്കാര്‍ വിഭാവന ചെയ്യുന്നതെന്ന് പ്രവേശനോത്സവ സന്ദേശം നല്‍കിയ ജയിംസ് മാത്യു എം.എല്‍.എ പറഞ്ഞു. ജനകീയ സമിതിക്ക് കൈമാറി കിട്ടിയ സ്‌കൂള്‍ ഉടന്‍ തന്നെ സന്ദര്‍ശിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി തനിക്ക് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. സ്‌കൂള്‍ വിട്ടുനല്‍കിയ പറാമ്പള്ളി കൃഷ്ണമാരാരെ ആദരിച്ചു. സ്‌കൂളിന്റെ ചിത്രചുമര്‍ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. ലത കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സ്‌കൂളിലെ നവാഗത വിദ്യാര്‍ഥികളുടെ വിവരങ്ങളും സംഭാഷണങ്ങളും ചേര്‍ത്ത് തയാറാക്കിയ ശാലാസിദ്ധി വീഡിയോ സി.ഡി പ്രധാനാധ്യാപിക പിയ ഷീലയ്ക്ക് നല്‍കി എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫിസര്‍ ഡോ. പി.വി പുരുഷോത്തമന്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ക്കുള്ള ഉപഹാരവിതരണം പഞ്ചായത്ത് പ്രസിഡന്റ് എ. രാജേഷ് നിര്‍വഹിച്ചു. ഡി.ഡി.ഇ എം. ബാബുരാജന്‍, പി.പി രഘു, സി. ജീജ, ടി. ഷീബ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."