നോമ്പിന്റെ മഹത്വങ്ങളിലൂടെ
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ പെയ്തിറങ്ങുന്ന പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാന്‍ നമ്മളിലേക്കു വന്നെത്തി. മനുഷ്യനെ ഭൗതികമായും ആത്മീയമായും സംസ്‌കരിച്ചെടുക്കാനുള്ള ഒരു ഉപാധിയാണ് ഈ വിശുദ്ധ മാസത്തിലെ വ്രതം. വ്രതം സത്യവിശ്വാസികളെ തഖ്‌വയുള്ളവരാക്കി തീര്‍ക്കുന്നു. അല്ലാഹു പറയുന്നു: 'നിങ്ങളുടെ മുന്‍ഗാമികള്‍ക്കു നിര്‍ബന്ധമാക്കപ്പെട്ടതു പോലെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ തഖ്‌വയുള്ളവരാകാന്‍ വേണ്ടി'. തുല്യതയില്ലാത്ത ആരാധനയാണ് നോമ്പ്. അബു ഉമാമ (റ)വിനോട് നബി തിരുമേനി (സ) പറഞ്ഞു: നീ നോമ്പ് നോല്‍ക്കുന്നവനാകുക. അതിനു പകരം മറ്റൊരു ഇബാദത്ത് ഇല്ല. അത് സ്വര്‍ഗ പ്രവേശനം ഉറപ്പു വരുത്തുന്നു. നബി (സ) പറയുന്നു: 'ആരെങ്കിലും പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് നോമ്പ് എടുക്കുകയും ആ ദിവസം മരണപ്പെടുകയും ചെയ്താല്‍ അയാള്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചതു തന്നെ'. നോമ്പുകാര്‍ സ്വര്‍ഗത്തിലേക്കു പ്രത്യേക വാതിലില്‍ കൂടി പ്രവേശിക്കുന്നു.
മുത്ത് നബി (സ) പറഞ്ഞു: 'സ്വര്‍ഗത്തില്‍ ഒരു വാതിലുണ്ട്. റയ്യാന്‍ എന്നാണതിന്റെ പേര്. നോമ്പുകാര്‍ മാത്രം അതില്‍ കൂടി പ്രവേശിക്കുന്നതാണ്. നരക മോചനം ഉറപ്പു വരുത്തുന്നു.
പ്രവാചകര്‍ (സ) പറയുന്നു: 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നോമ്പു അനുഷ്ഠിക്കുന്ന ഒരാളെ അല്ലാഹു നരകത്തില്‍ നിന്ന് എഴുപതു വര്‍ഷത്തെ വഴി ദൂരം അകറ്റുന്നതാണ്'.
മറ്റൊരു ഹദീസില്‍ നബി(സ) പറയുന്നു: 'നോമ്പ് ഒരു പരിചയാണ്. അതിലൂടെ ഒരു അടിമ നരകത്തില്‍ നിന്നു മോചനം നേടുന്നു. കണക്കില്ലാത്ത പ്രതിഫലവും അവര്‍ക്കു ലഭിക്കുന്നു'. അല്ലാഹു പറയുന്നു: 'നോമ്പ് എനിക്കുള്ളതാണ്. അതിനുള്ള പ്രതിഫലം നല്‍കുന്നതും ഞാനാണ്'.
നോമ്പുകാര്‍ക്ക് രണ്ടു സന്തോഷമുണ്ട്. ഒന്ന് നോമ്പു തുറക്കുമ്പോള്‍ മഹത്തായ ഒരു ഇബാദത്ത് പൂര്‍ത്തീകരിച്ചതിന്റെ സന്തോഷം. രണ്ട് സ്വര്‍ഗത്തില്‍ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷം.
നോമ്പുകാരന്റെ വായില്‍ നിന്നു വരുന്ന ഗന്ധം അല്ലാഹുവിന്റെ അടുക്കല്‍ കസ്തൂരിയെക്കാള്‍ സുഗന്ധമുള്ളതാണ്. നോമ്പുകാരന്റെ പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നതാണ്. ഖിയാമത്ത് നാളില്‍ നോമ്പുകാരന്റെ നോമ്പ് അവനു വേണ്ടി ശുപാര്‍ശ പറയുന്നതാണ്.
പുണ്യ നബി(സ) പറഞ്ഞു: 'നോമ്പും ഖുര്‍ആനും ഖിയാമത്ത് നാളില്‍ അതിന്റെ അഹ്‌ലുകാര്‍ക്കു ശുപാര്‍ശ ചെയ്യുന്നതാണ്'.
ചാരിത്രത്തെയും ധാര്‍മികതയെയും കാത്തു സൂക്ഷിക്കാന്‍ സഹായിക്കുന്നു. നബി (സ) പറയുന്നു: കല്യാണം കഴിക്കാന്‍ സാധിക്കാത്തവര്‍ നോമ്പ് നോക്കിക്കൊള്ളട്ടെ, അത് അവരുടെ കണ്ണുകള്‍ക്കും കാതുകള്‍ക്കും മനസിനും ഒരു പരിചയാണ്. ഹൃദയത്തിനു വിശാലത നല്‍കുന്നു. ഇത്രത്തോളം നേട്ടങ്ങളെ ഇഹത്തിലും പരത്തിലും നേടിത്തരുന്ന നോമ്പെന്ന ഇബാദത്തിനെ നാം ഹൃദയത്തില്‍ സ്വീകരിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ.
(സമസ്ത ജംഇയ്യത്തുല്‍ ഖുത്തുബാഅ് ജില്ലാ ട്രഷററാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."