മന്ത്രിമാര്‍ക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി
ചവറ: കണ്‍സ്ട്രക്ഷന്‍ അക്കാഡമിയുടെ ഓറിയന്റേഷന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിമാരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രിമാരായ തോമസ് ഐസക്, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ക്ക് നേരെ നീണ്ടകര പരിമണത്തായിരുന്നു കരിങ്കൊടി കാണിച്ചത്.
നീണ്ടകര കോണ്‍ഗ്രസ് ഓഫിസില്‍ സംഘടിച്ച പ്രവര്‍ത്തകര്‍ ശബരിമല സ്ത്രീപ്രവേശനം, ബ്രൂവറി വിഷയവുമായി ബന്ധപ്പെട്ട് ആദ്യം വന്ന തോമസ് ഐസകിനെ മുദ്രാവാക്യം വിളികളോടെ കരിങ്കൊടി കാണിക്കുകയായിരുന്നു. അഞ്ച് മിനിട്ട് കഴിഞ്ഞ് ദേശീയപാതയിലൂടെ കടന്ന് വന്ന ടി.പി രാമകൃഷ്ണന് നേരെ പ്രവര്‍ത്തകര്‍ ചാടി വിഴുകയായിരുന്നു.
പ്രവര്‍ത്തകരുടെ ഇടയില്‍പ്പെട്ട് പോയ ടി.പി രാമകൃഷ്ണന് വാഹനം തിരിച്ച് ശക്തികുളങ്ങര പൊലിസ് സ്റ്റേഷനിലേക്ക് വിടേണ്ടിവന്നു. തുടര്‍ന്ന് കൂടുതല്‍ പൊലിസിന്റെ അകമ്പടിയോടെയാണ് ഉദ്ഘാടന വേദിയിലെത്തിയത്.
ആര്‍. അരുണ്‍രാജ്, ശരത് പട്ടത്താനം, കിഷോര്‍ അമ്പിലാക്കര, മുകേഷ്, റിനോഷാ, മിത്രാത്മജന്‍, ജാക്‌സണ്‍ നീണ്ടകര, സന്തോഷ്, വിനു മംഗലത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മന്ത്രിമാരെ തടഞ്ഞത്. സംഭവം അറിഞ്ഞ് കൂടുതല്‍ പൊലിസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."