കുടുംബശ്രീ യൂനിറ്റുകളുടെ പാള പ്ലേറ്റ് നിര്‍മാണ യന്ത്രങ്ങള്‍ നശിക്കുന്നു
ബദിയടുക്ക: ബദിയടുക്ക പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂനിറ്റുകളിലെ സ്ത്രീകള്‍ക്കു സ്വയം തൊഴില്‍ കണ്ടെത്തുന്നതിനായി ആരംഭിച്ച പാള പ്ലേറ്റ് നിര്‍മാണ യൂനിറ്റുകളുടെ പ്രവര്‍ത്തനം നിലച്ചു. ഇതോടെ ഇവിടേക്കു വാങ്ങിയ ലക്ഷങ്ങളുടെ യന്ത്ര സാമഗ്രികള്‍ തുരുമ്പെടുത്തു നശിക്കുകയാണ്. 2004ല്‍ ബദിയടുക്ക പഞ്ചായത്തിന്റെ സഹകരണത്തോടെ പഞ്ചായത്ത് പരിധിയിലുള്ള ഇരുപതോളം കുടുംബശ്രീ യൂനിറ്റുകളിലാണ് വ്യാവസായികാടിസ്ഥാനത്തില്‍ ഈ തൊഴില്‍ സംരംഭം ആരംഭിച്ചത്. ഇതിനായി കുടുംബശ്രീ അയല്‍ കൂട്ടങ്ങള്‍ക്ക് യൂനിറ്റൊന്നിന് 65,000 രൂപ സബ്‌സിഡി നിരക്കില്‍ പഞ്ചായത്ത് പ്ലാന്‍ ഫണ്ടില്‍ നിന്നു നല്‍കിയിരുന്നു. ഇതു കൂടാതെ പദ്ധതി ആരംഭിക്കുന്നതിനായി 65,000 രൂപ നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയും ലഭിച്ചിരുന്നു. മൊത്തം 1,30,000 മുതല്‍ മുടക്കില്‍ പത്തോളം യൂനിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിച്ചെങ്കിലും അസംസ്‌കൃത സാധനങ്ങള്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പല യൂനിറ്റുകളുടെയും പ്രവര്‍ത്തനം പാതി വഴിയില്‍ നിലച്ചു. മറ്റു ചില അയല്‍ കൂട്ടങ്ങളുടെ സംരംഭങ്ങള്‍ക്ക് മതിയായ സ്ഥല സൗകര്യങ്ങമില്ലാത്തതും വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതും മൂലം പ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല.
കാര്യമായ വരുമാനമില്ലാതായതോടെ ലോണ്‍ അടയ്ക്കാന്‍ പറ്റാതെ ജപ്തി നടപടിയുടെ വക്കോളമെത്തിയ പല കുടുംബശ്രീ അയല്‍കൂട്ടങ്ങളിലെയും അംഗങ്ങള്‍ പണം സ്വരൂപിച്ചു വായ്പ തിരിച്ചടച്ചു ബാധ്യത നിറവേറ്റിയതോടെ പദ്ധതി പൂര്‍ണമായും നിലച്ചു. ഇതിനു വേണ്ടി വാങ്ങിയ യന്ത്രങ്ങള്‍ പലയിടങ്ങളിലും സൂക്ഷിക്കാനിടമില്ലാതെ ഇപ്പോള്‍ വെയിലും മഴയുംകൊണ്ട് തുരുമ്പെടുത്തും കാടു കേറിയും നശിക്കുകയാണ്. പല യൂനിറ്റുകളും മുടങ്ങുവാനുള്ള പ്രധാന കാരണം അധികൃതരുടെ ദീര്‍ഘ വീക്ഷണമില്ലായ്മയാണെന്നാണ് കുടുംബശ്രീ അംഗങ്ങള്‍ ആരോപിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പദ്ധതിയെ കുറിച്ച് പരിജ്ഞാനമില്ലാത്ത അംഗങ്ങള്‍ക്കു പരിശീലനം നല്‍കാനും മറ്റും തയാറാവാത്തതാണു യൂനിറ്റുകള്‍ പൂട്ടിപ്പോവാന്‍ കാരണമെന്നാണ് ആരോപണം. തുരുമ്പെടുത്ത് നശിക്കുന്ന യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താനും സ്ഥാപനങ്ങള്‍ തുറക്കാനും അധികൃതര്‍ നടപടി കൈക്കൊള്ളണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."