വിക്ടോറിയയില്‍ മാനസികാരോഗ്യ പദ്ധതികള്‍ നടപ്പാക്കും: സി. രാധാമണി
കൊല്ലം: ഗവ. വിക്ടോറിയ ആശുപത്രിയില്‍ കൗമാരക്കാര്‍ക്കും ഗര്‍ഭിണികള്‍ക്കും 'മാതൃസാന്ത്വനം' എന്ന പേരില്‍ മാനസികാരോഗ്യ പദ്ധതികള്‍ നടപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി. ലോക മാനസികാരോഗ്യദിനത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്തും, ജില്ലാ മെഡിക്കല്‍ ഓഫിസും, ആരോഗ്യ കേരളം ജില്ലാ ഓഫിസും സംയുക്തമായി സംഘടിപ്പിച്ച ലോകമാനസികാരോഗ്യ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
കൗമാരത്തില്‍ തുടങ്ങി യൗവനത്തിലേക്ക് വളരുന്ന മാനസികാരോഗ്യ പ്രശ്നങ്ങളാണ് ഗര്‍ഭിണികളിലെ വര്‍ധിച്ച ആത്മഹത്യാനിരക്കിന് കാരണമാകുന്നത്. വിഷാദരോഗവും, വ്യക്തിത്വ വൈകല്യങ്ങളും, വൈകാരിക അസ്ഥിരതയും സൃഷ്ടിക്കുന്ന കുടുംബസാഹചര്യങ്ങളെയും, സാമൂഹിക സാഹചര്യങ്ങളെയും, വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മാത്രമേ നേരിടാനാകൂ. ജില്ലാ പഞ്ചായത്ത് ഇതിന് മുന്‍കൈയെടുക്കുമെന്നും പ്രസിഡന്റ് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജൂലിയറ്റ് നെല്‍സണ്‍ അധ്യക്ഷയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി.വി ഷേര്‍ളി ഓട്ടിസം സൂപ്പര്‍ സ്പെഷാലിറ്റി മെഡിക്കല്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു. മാനസികാരോഗ്യ സെമിനാര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പീഡിയാട്രിക് ന്യൂറോളജി വിഭാഗം മേധാവിയും ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന അധ്യക്ഷനുമായ ഡോ. പി.എ മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. ഡോ. എസ്. ഹരികുമാര്‍ അധ്യക്ഷനായി. ഡോ. മിനി എസ്. നായര്‍, ഡോ. രമേഷ് ചന്ദ്രന്, ഡോ. ഫാബി ഹുസൈന്, ഡോ. ശ്രീകുമാരി ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."