ചാരായ വില്പന; രണ്ടുപേര്‍ എക്സൈസ് പിടിയില്‍
കരുനാഗപ്പള്ളി: സ്പിരിറ്റില്‍ ചാരായം കലര്‍ത്തി വില്പന നടത്തുകയായിരുന്ന രണ്ടുപേര്‍ എക്സൈസ് സംഘത്തിന്റെ പിടിയിലായി. കുലശേഖരപുരം കൊച്ചുകരിപ്പോലി തെക്കതില്‍ കൊച്ചനി എന്ന് വിളിക്കുന്ന ബിജു (35), കുലശേഖരപുരം ഷംനാദ് മന്‍സിലില്‍ ഷംനാദ് (28) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്. സ്കൂട്ടറില്‍ കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന 10 ലിറ്റര്‍ ചാരായം കലര്‍ത്തിയ സ്പിരിറ്റുമായാണ് പ്രതികള്‍ പിടിയിലായത്.
പ്രതിയെ പിടികൂടുന്നതിനിടെ എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെപെക്ടര്‍ ജോസ് പ്രതാപിന് വീണ് പരുക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുനാഗപ്പള്ളി റെയ്ഞ്ചിലെ ചെറുകിട മദ്യ കച്ചവടക്കാര്‍ക്ക് വ്യാപകമായി ചാരായം കലര്‍ത്തിയ സ്പിരിറ്റ് കാറുകളില്‍ കൊണ്ടുവന്നു നല്‍കുന്നതായി രഹസ്യ വിവരം എക്സൈസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് ഷാഡോ സംഘം ഇവരുടെ നിരവധി ഉപഭോക്താക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ ഉപയോഗിച്ച് കൂടുതല്‍ ചാരായം ആവശ്യപ്പെടുകയും ഇതനുസരിച്ച് 10 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ ചാരായവുമായി വരുന്നതിനിടയില്‍ പുത്തന്‍തെരുവ് ഫിസാക്ക ഓഡിറ്റോറിയത്തിന് സമീപത്തുനിന്നും ഇരുവരും പിടിയിലാവുകയായിരുന്നു. ബിജു സഊദി അറേബ്യയില്‍ ചാരായം വാറ്റി വിറ്റതിനു ആറുമാസം ജയിലില്‍ കിടന്നിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ എ. ജോസ്പ്രതാപിന്റെ നേതൃത്വത്തില്‍ പ്രിവന്റിവ് ഓഫിസര്‍ എം. സുരേഷ്കുമാര്‍, ഷാഡോ എക്സൈസ് ഉദ്യോഗസ്ഥരായ വിജു, സജീവ്കുമാര്‍, പ്രസാദ്, വനിതാ സി.ഇ.ഒ ശ്രീമോള് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."