ഡിജിറ്റല്‍ അലൈന്‍മെന്റ് പ്ലാന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണം: സംസ്ഥാന വ്യാപാരി വ്യവസായി സമിതി
കൊല്ലം: ദേശീയപാത സ്ഥലമെടുപ്പിന്റെ പശ്ചാത്തലത്തില്‍ വസ്തു ഉടമകള്‍ക്ക് ഡിജിറ്റല്‍ അലൈന്‍മെന്റ് പ്ലാന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് സംസ്ഥാന വ്യാപാരി വ്യവസായി സമിതി, ഇന്റര്‍ നാഷനല്‍ മിഷന്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇത്തിക്കര മുതല്‍ ശീമാട്ടി വരെ ടോട്ടല്‍ സ്റ്റേഷന്‍ സര്‍വേ നടത്തിയ പ്രകാരം ഓരോ 50 മീറ്ററില്‍ പോലും പുതിയ അലൈന്‍മെന്റ് സെന്റര്‍ലൈന്‍ അനുസരിച്ച് റോഡ് 10 ഡിഗ്രി മുതല്‍ 18 ഡിഗ്രി വരെ ചരിവിലാണ് വിഭാന ചെയ്തിരിക്കുന്നത്.
2013ലെ ലാന്റ് അക്വിസിഷന്‍ ആക്ട് പ്രകാരവും 1956ലെ നാഷനല്‍ ഹൈവേ ആക്ട് പ്രകാരവും വിജ്ഞാപനത്തില്‍ രേഖപ്പെടുത്താത്ത ഭൂമി കല്ലിടുന്നത് നിയമ വിരുദ്ധമാണ്. ഇത് ചോദ്യം ചെയ്യുന്ന ഭൂഉടമകളെയും കച്ചവടക്കാരെയും ജാമ്യമില്ലാക്കേസില്‍ക്കുടുക്കുമെന്ന ഭീഷണി മുഴക്കുന്നത് ജനാധിപത്യ രീതിയല്ല. ഒരു കി.മീ ദൂരത്തില്‍ റോഡ് നേരെയാകണമെന്ന ന്യായത്തിന്റെ അടിസ്ഥാനത്തിലാണ് നിയമപരമായി വിജ്ഞാപനം നടത്താതെ റോഡിന് വേണ്ടി കല്ലിടുന്നത്. നടപ്പാക്കാന്‍ പോകുന്ന റോഡ് വികസനം സംബന്ധിച്ച ഡിജിറ്റല്‍ അലൈന്‍മെന്റ് പ്ലാന്‍ എന്തിനാണ് രഹസ്യമായി സൂക്ഷിക്കുന്നത്.
ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യത മുഖ്യമന്ത്രിക്കും ജില്ലാ കലക്ടര്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുമുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. അളവിലെ അപാകത, നഷ്ടപരിഹാരം, പുനര്‍നിര്‍മാണം എന്നിവ സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്താതെ ത്രി ഡി വിജ്ഞാപനത്തിനായി ഭൂമി അളക്കുന്നത് നിയമവിരുദ്ധമാണ് അതിന് അധികാരികള്‍ തയ്യാറാകണം. അല്ലാത്തപക്ഷം സമരപരിപാടികളും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കള്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഐ.എം.എച്ച്.ആര്‍ ജനറല്‍ സെക്രട്ടറി ഷൈനാസ് കെ.എസ്, ഹൈവേ പ്രൊട്ടക്ഷന്‍ ഫാറം ജനറല്‍ കണ്‍വീനര്‍ കെ.കെ നിസാര്‍, മഞ്ജു സുനില്‍, ഗണേഷ്, ഷാലു ഫൈസല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."