അമിത്ഷായെ പോലൊരാള്‍ കൊണ്ടുവന്ന ബില്ലിനെ എന്തിന് പിന്തുണച്ചു; യു.എ.പി.എ ബില്ലിനെ രാജ്യസഭയില്‍ പിന്തുണച്ച കോണ്‍ഗ്രസ് നയത്തിനെതിരെ കെ.പി.സി.സി
തിരുവനന്തപുരം: അപകടകരമായ വ്യവസ്ഥകളുള്ള യു.എ.പി.എ ബില്‍ പാസാവാന്‍ ബി.ജെ.പിയെ പിന്തുണച്ച കോണ്‍ഗ്രസ് നിലപാട് തള്ളി കെ.പി.സി.സി നേതൃത്വം. യു.എ.പി.എ ബില്‍ പാസാക്കിയെടുക്കാന്‍ ബി.ജെ.പിയെ പിന്തുണയ്ക്കുന്ന നിലപാട് രാജ്യസഭയില്‍ സ്വീകരിച്ച കോണ്‍ഗ്രസിന്റെ നടപടിയില്‍ കേന്ദ്ര നേതൃത്വത്തെ കെ.പി.സി.സി എതിര്‍പ്പ് അറിയിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസനുമാണ് കോണ്‍ഗ്രസിന്റെ നിലപാടിനെതിരേ എതിര്‍പ്പുമായി രംഗത്തുവന്നത്.
കോണ്‍ഗ്രസ് ഇതുവരെ നിലകൊണ്ട ജനാധിപത്യ, മതേതര നിലപാടിന് വിരുദ്ധമാണ് രാജ്യസഭയില്‍ യു.എ.പി.എ ബില്ലിനെ പിന്തുണച്ച തീരുമാനമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. ഗുജറാത്തില്‍ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തപ്പോള്‍ ജനാധിപത്യ, മതേതരസംവിധാനങ്ങള്‍ തകര്‍ക്കാന്‍ കൂട്ടുനിന്ന അമിത്ഷായെ പോലെ ഒരാള്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുമ്പോള്‍ രാജ്യത്തിന്റെ നിലവിലെ സംവിധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും അത്തരമൊരു സാഹചര്യം കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിയേണ്ടിയിരുന്നുവെന്നും ഇരുവരും പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കൊണ്ടുവന്ന, മുസ്‌ലിംകള്‍ക്കെതിരെ വ്യാപകമായ ദുരുപയോഗത്തിന് സാധ്യതയുള്ള ബില്ല് 42നെതിരെ 147 വോട്ടുകള്‍ക്കാണ് വെള്ളിയാഴ്ച രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസ് അംഗങ്ങളിലെ ഭൂരിഭാഗം പേരും യു.എ.പി.എ ബില്ലിനെ അനുകൂലിച്ചപ്പോള്‍ ഇടതുപാര്‍ട്ടികള്‍, തൃണമൂല്‍, എ.എ.പി, മുസ്‌ലിംലീഗ്, ടി.ഡി.പി, ഡി.എം.കെ എന്നീ കക്ഷികളാണ് ബില്ലിനെതിരെ വോട്ട്‌ചെയ്തത്.
kpcc leaderhip slams congress stand regarding uapa bill
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."