വീഞ്ഞ് പകരുന്ന പരമാനന്ദം
വീഞ്ഞും ചഷകവും വീഞ്ഞുപകരുന്നവനും (സാഖി) മദ്യശാലയും ലഹരിയുമെല്ലാം സൂഫി കാവ്യശാഖയില്‍, പ്രത്യേകിച്ചും റൂമിയും ഹാഫിസുമെല്ലാം ഉള്‍പ്പെടുന്ന പേര്‍ഷ്യന്‍ പാരമ്പര്യത്തില്‍, സ്ഥിരപ്പെട്ടുവരുന്ന ബിംബകല്‍പനകള്‍ ആണ്. മതാത്മകമായ അര്‍ഥത്തില്‍ പ്രകടമായും നിഷിദ്ധമായ ഇത്തരം രൂപകങ്ങളുടെ ഉപയോഗസമൃദ്ധി അത്ഭുതകരമാണ്. ലൗകികമായ രൂപകങ്ങളിലൂടെ മതത്തിന്റെ ബാഹ്യാനുഭവങ്ങള്‍ക്കപ്പുറത്തേക്ക്, അതീന്ദ്രിയമായ ഒരു ഭാവലോകത്തിന്റെ തീവ്രഉന്മാദത്തിലേക്ക് ആത്മാവിനെ നയിക്കാന്‍ ശ്രമിക്കുകയാണവര്‍. കവിതയുടെ ഭാഷയാണ് നിഗൂഢതയുടെ പൊരുള്‍ കുറച്ചെങ്കിലും ഉള്‍ക്കൊള്ളുക. സംഗീതത്തിലാണ് ആത്മാവിന്റെ തേങ്ങല്‍ അല്‍പ്പമെങ്കിലും ആവിഷ്‌കരിക്കാനാവുക. വാക്കര്‍ഥം മാത്രം ഗ്രഹിക്കുന്നവര്‍ തട്ടിത്തടഞ്ഞു വീഴുന്നതും അവിടെത്തന്നെയാവും.
അതിലളിതമായി പറഞ്ഞാല്‍ ആത്മീയവും ദിവ്യവുമായ അനുരാഗത്തെയാണ് സൂഫികവികള്‍ വീഞ്ഞായി സാമ്യപ്പെടുത്തുന്നത്. അത് മോന്താതെ, ലോകത്തിന്റെ ഉണര്‍വിലും വെളിവിലും അഹങ്കരിച്ചു നടക്കുന്നവര്‍ക്ക് ഉന്മാദത്തിന്റെ ആനന്ദം പ്രാപിക്കാനാവില്ല. പ്രപഞ്ചത്തോടൊപ്പം ദൈവസ്മൃതിയില്‍ നൃത്തം വയ്ക്കാനാവില്ല. അന്വേഷകന്റെ ഹൃദയമാണ് കോപ്പ. അതില്‍ പകരുന്ന മദ്യം ലോകത്തെക്കുറിച്ചുള്ള വ്യാജമായ വെളിവിനെ നശിപ്പിക്കുകയും ബോധം തകര്‍ക്കുകയും അതുവരെ കണ്ടിട്ടിട്ടില്ലാത്ത മറ്റൊരു ലോകത്തിന്റെ യാഥാര്‍ഥ്യങ്ങള്‍ കണ്ടും കേട്ടും മണത്തും രുചിച്ചും നമ്മെ മദോന്മത്തരാക്കുകയും ചെയ്യുന്നു. ആ വീഞ്ഞ് പകര്‍ന്നുകൊടുക്കുന്നവനാണ് ആത്മീയഗുരു അഥവാ സാഖി. ഗുരുവിരിക്കുന്ന ഇടം മദ്യശാലയുടെ രൂപകം പേറുന്നു. കവിതയില്‍ മാത്രം പറയാനാവുന്ന ഈ സത്യത്തിന് ഇതിലും മികച്ച രൂപകമില്ല. അക്ഷരങ്ങളില്‍ വീണുപോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും പലയളവില്‍ ആനന്ദമേകുന്നു അത്. പ്രണയവും വീഞ്ഞും ഒരേ സാധ്യതയുടെ രണ്ടുതലങ്ങളാണ് സൂഫികവിതയില്‍.
മജ്‌നുവിന്റെ ഉന്മാദം ഒരു വീഞ്ഞുശാലക്കും പകരാനാവില്ലല്ലോ. ലൈലയുടെ കണ്ണുകള്‍ക്ക് മാത്രമാണ് അതിനാവുക. ആത്മാവിലാണ് അതിന്റെ പ്രേരണാരഹസ്യങ്ങള്‍. അവനെയാണോ അവളെയാണോ പറയുന്നത് എന്ന കനത്ത അവ്യക്തത തീര്‍ക്കുന്ന തരം സര്‍വ്വനാമങ്ങളുടെ ഉപയോഗം വിവര്‍ത്തനത്തെ സങ്കീര്‍ണവും കഠിനവുമാക്കുന്നെന്ന കുഴപ്പം കൂടി ഇവിടെയുണ്ടെന്നത് സൂഫികവിതകളുടെ പൊതുസത്യം.
പാകിസ്താനി കവി ഫന ബുലന്ദ് ഷെഹ്‌രി രചിച്ച കലാം ആണ് 'മേരെ രഷ്‌കെ ഖമര്‍..' നുസ്രത് ഫതേഹ് അലി ഖാന്‍ പാടി അവതരിപ്പിച്ചതിന് ശേഷം ബോളിവുഡില്‍ ഉള്‍പ്പെടെ നിരവധി ജനകീയ ഭാഷ്യങ്ങള്‍ ഇതിനു പല വകഭേദങ്ങളോടെ വന്നിട്ടുണ്ട്. മൂലരചനയുടെ മൊഴിമാറ്റമാണിവിടെ.
മേരെ രഷ്‌കെ ഖമര്‍- ഫന ബുലന്ദ് ഷെഹ്‌രി
നിലാവിനസൂയ തോന്നുന്നവളേ,
നിന്റെയൊരൊറ്റ നോട്ടം
കൊണ്ടെനിക്കുണ്ടായി പരമാനന്ദം.
മിന്നലെനിക്കേറ്റപ്പോള്‍ വെന്തുരുകി,
തീപ്പിടിച്ചു ഞാന്‍ വീണപ്പോളുണ്ടായി പരമാനന്ദം.
സൗന്ദര്യലഹരിയെന്റെ വീഞ്ഞില്‍ കലര്‍ത്തി
പൗര്‍ണമി പുഞ്ചിരിച്ചപ്പോളുണ്ടായി പരമാനന്ദം.
നിലാവിന്റെ മറവില്‍ നീയെനിക്കു
വീഞ്ഞുപകര്‍ന്നപ്പോളുണ്ടായി പരമാനന്ദം.
ചഷകമാകെ പകര്‍ന്നു ലഹരി
തെമ്മാടിത്തത്തിന്റെ
തേരോട്ടത്തില്‍ കുപ്പികളുടഞ്ഞു.
മദ്യശാലയാകെ മത്തിന്റെ മഴപെയ്തു
കാറ്റുംകോളും പെയ്തിറങ്ങിയപ്പോളുണ്ടായി
പരമാനന്ദം.
മൂടുപടമില്ലാതവള്‍ വന്നുമുന്നില്‍
എന്റെ യൗവനവുമവളുടേതും കൂട്ടിമുട്ടി.
അവളുടെ കണ്ണെന്റേതില്‍ കൊളുത്തി
ഈ ലഹളകാണുമ്പോളുണ്ടായി പരമാനന്ദം.
കാണുമ്പോളെല്ലാം കണ്ണുകളില്‍ കണ്ടു നാണം
കൂടിക്കാഴ്ചയെക്കുറിച്ചാരായുമ്പോള്‍
തുടുത്തു കവിളുകള്‍.
എന്റെ ചോദ്യങ്ങളാല്‍ നാണിച്ചു
തലകുലുക്കിയപ്പോളുണ്ടായി പരമാനന്ദം.
ശെയ്ഖ് സാഹിബിന്റെ ഈമാന്‍ മാഞ്ഞുപോയി
വീഞ്ഞുപകരുന്നവന്റെ
സൗന്ദര്യം കണ്ടതുരുകിപ്പോയി.
ഇന്നലെ വരെയെന്തഹന്തയായിരുന്നയാള്‍ക്ക്
ആ ഭക്തി പോയതുകാണുമ്പോളുണ്ടായി
പരമാനന്ദം.
നന്ദിയുണ്ടെന്റെ മരണശേഷവും
അവളെന്റെ സ്‌നേഹത്തിന്റെ യശസ്സ് കാക്കുന്നതില്‍.
സ്വന്തം കൈകളാലവളെന്റെ ഖബറില്‍
പൂക്കള്‍ വിതറിയപ്പോളുണ്ടായി പരമാനന്ദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."