വിമാനത്താവള നഗരത്തിന് വേണം മോചനം; വീര്‍പ്പുമുട്ടി മട്ടന്നൂര്‍
മട്ടന്നൂര്‍: വിമാനത്താവളം വരുന്നതിനു മുമ്പേ തന്നെ മട്ടന്നൂര്‍ നഗരം കെട്ടിടങ്ങളുടെ ആധിക്യംകൊണ്ട് വീര്‍പ്പുമുട്ടുന്നു.
ഗതാഗത സൗകര്യങ്ങള്‍ തീരെയില്ലാത്തതിനാല്‍ ദിവസവും ഗതാഗതക്കുരുക്കില്‍ അമരുന്ന മട്ടന്നൂര്‍ നഗരത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തു മാത്രം ആറോളം കെട്ടിടങ്ങളാണ് നിര്‍മാണം തുടങ്ങിയത്. ബസ്സ്റ്റാന്‍ഡ് പരിസരത്തു നഗരസഭ നിര്‍മാണം നടത്തുന്ന വലിയ ഷോപ്പിങ് മാളിന്റെ പ്രവൃത്തി പൂര്‍ത്തിയാകുമ്പോഴേക്കും മറ്റു പല കെട്ടിടങ്ങളും തലപൊക്കിക്കഴിഞ്ഞു.
നഗരസഭ പഴം-പച്ചക്കറി മാര്‍ക്കറ്റിനായി നീക്കിവെച്ച സ്ഥലത്തിന് സമീപം ഏകദേശം നൂറോളം മുറികളുള്ള കെട്ടിടങ്ങളാണ് ഉയര്‍ന്നു വരുന്നത്. വേണ്ടത്ര സൗകര്യമില്ലാഞ്ഞിട്ടും നഗരസഭ സ്വകാര്യ വ്യക്തികള്‍ക്ക് കെട്ടിട പെര്‍മിറ്റുകള്‍ നല്‍കുമ്പോള്‍ സാധാരണക്കാരായ പൊതു ജനങ്ങളാണ് ബുദ്ധിമുട്ടനുഭവിക്കുന്നത്.
ഇവിടെയൊക്കെ കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ പോലും കഴിയാത്ത നിലയില്‍ പ്രയാസമുണ്ടാക്കുന്ന കെട്ടിടങ്ങളുമുണ്ട്.
മട്ടന്നൂര്‍ നഗരത്തിലെ കോളജുകളിലെയും സ്‌കൂളുകളിലെയും വിദ്യാര്‍ഥികളടക്കമുള്ളവര്‍ ഏറെ ബുദ്ധിമുട്ടിയാണ് നഗരത്തിലെ കെട്ടിടങ്ങള്‍ക്കിടയിലെ ഇടുങ്ങിയ ഭാഗത്തുടെ നടന്നു പോകുന്നത്. വിമാനത്താവളം നിലകൊള്ളുന്ന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന മാസ്റ്റര്‍പ്ലാന്‍ തയാറാക്കാനും നടപ്പിലാക്കാനും സര്‍ക്കാരും നഗരസഭയും മടിക്കുന്നതാണ് ഈ അവസ്ഥയ്ക്കു കാരണമെന്നാണ് വിമര്‍ശനമുയരുന്നത്. എല്ലാ വര്‍ഷവും ബജറ്റ് അവതരണത്തില്‍ നഗരസഭ ഈ പ്രശ്‌നം അവതരിപ്പിക്കുന്നുണ്ടെങ്കിലും പരിഹാര മാര്‍ഗം സ്വീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."