സര്‍ക്കാര്‍ നിലപാടിനെതിരേ നിയമപോരാട്ടം തുടരുമെന്ന് സ്‌കൂള്‍ അധികൃതര്‍
മഞ്ചേരി: പുല്ലൂര്‍ ഗവ. സ്‌കൂളിനെ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നത് സംബന്ധിച്ച് കോടതി കനിഞ്ഞിട്ടും വിധി നടപ്പാക്കാന്‍ കഴിയില്ലെന്ന സര്‍ക്കാര്‍ നിലപാട് ഖേദകരമാണെന്നും വിധിക്കെതിരെ അപ്പീലിനു ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടിക്കെതിരെയും നിയമപോരാട്ടം തുടരുമെന്ന് സ്‌കൂള്‍ അധികൃതര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീലിനു ശ്രമിക്കുകയാണെന്നു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ അധികൃതര്‍ക്ക് വാക്കാല്‍ വിശദീകരണം നല്‍കിയിരിക്കുകയാണ് .
1946ലാണ് എല്‍.പി സ്‌കൂളായി സ്ഥാപിച്ച പുല്ലൂര്‍ ഗവ. സ്‌കൂള്‍ പിന്നീട് യു.പിസ്‌കൂളായി ഉയര്‍ത്തുകയും 1991മുതല്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള ശ്രമം നടന്നുവരികയും ചെയ്തു. 2016ല്‍ ഹൈസ്‌കൂളായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ ഉത്തരവായിരുന്നു. എന്നാല്‍ ഉത്തരവ് ഇറങ്ങുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍വന്നതിനാല്‍ തീരുമാനം മരവിപ്പിച്ചു.
ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ഹൈകോടതിയെ സമീപ്പിക്കുകയും കോടതി സര്‍ക്കാരിനോട് വിശദീകരണം തേടുകയും ചെയ്തു. സ്‌കൂള്‍ മാപ്പിങില്‍ പുല്ലൂര്‍ സ്‌കൂള്‍ ഉള്‍പ്പെട്ടിട്ടില്ലെന്നു സര്‍ക്കാര്‍ വിശദീകരണം നല്‍കി. മാപ്പിങില്‍ പുല്ലൂര്‍ സ്‌കൂളിനെ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് കോടതി വീണ്ടും നിര്‍ദേശം നല്‍കി.തുടര്‍ന്ന് മാപ്പിങില്‍ ഉള്‍പ്പെടുത്താനുള്ള നടപടികള്‍ ഉണ്ടായെങ്കിലും കാര്യങ്ങള്‍ വീണ്ടും അിശ്ചിതത്വത്തിലായി.
സ്‌കൂളില്‍ എട്ടാം ക്ലാസ് തുടങ്ങണമെന്നും ടീച്ചേഴ്‌സ് ബാങ്കില്‍ നിന്നും അധ്യാപകരെ നല്‍കണമെന്നുമുള്ള കോടതി ഉത്തരവുണ്ടായി. ഇതിനിടെയാണ് അപ്പീലിനു പോവാന്‍ സര്‍ക്കാര്‍ ഭാഗത്തു നിന്നും ശ്രമം നടക്കുന്നതായി വിവരം ലഭിച്ചിരിക്കുന്നത്. സ്‌കൂളില്‍ എട്ടാംക്ലാസ് തുടങ്ങുകയാണങ്കില്‍ ഏഴാംക്ലാസ് പാസായ വിദ്യാര്‍ഥികളെ ഇതേസ്‌കൂളില്‍ തന്നെ ചേര്‍ക്കാന്‍ തയാറാണെന്നു രക്ഷിതാക്കള്‍ രേഖാമൂലം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
എട്ടാം ക്ലാസ് തുടങ്ങാന്‍ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെ മൂന്ന് ക്ലാസ് റൂമുകള്‍ സജ്ജമാണ്. അടുത്ത വര്‍ഷത്തേക്ക് മൂന്ന് ക്ലാസ് റൂമുകളുടെ പണി മുനിസിപ്പല്‍ ഫണ്ട് ഉപയോഗിച്ച് നടന്നുവരികയും ചെയ്യുന്നുണ്ട്. എന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഈ അധ്യയനവര്‍ഷമെങ്കിലും അനുകൂലമായൊരു തീരുമാനം ഉണ്ടായില്ലെന്നും ഇതിനെതിരെ നിയമപരമായ പോരാട്ടം തുടരുമെന്നും സ്‌കൂള്‍ അികൃതര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കൗണ്‍സിലര്‍ വല്ലാഞ്ചിറ മുഹമ്മദാലി, എസ്.എം.സി ചെയര്‍മാന്‍ എ.കെ സൈനുല്‍ ആബിദീന്‍, മേച്ചീരി ഹുസൈന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."