അറിവിന്റെ ആദ്യാക്ഷരം തേടി കാടിന്റെ മക്കളെത്തി; പ്രവേശനം നേടിയത് 28 കുട്ടികള്‍
പ്രാക്തന ഗോത്രവര്‍ഗങ്ങള്‍ക്കുള്ള ജില്ലയിലെ ഏക സ്കൂളിലെ പ്രവേശനോത്സവം
നിലമ്പൂര്‍: ഉള്‍വനങ്ങളില്‍ നിന്നും രക്ഷിതാക്കളുടെ കയ്യുംപിടിച്ച് കിലോമീറ്ററുകള്‍ താണ്ടി കാടിന്റെ കുരുന്നുകള്‍ ആദ്യാക്ഷരം നുകരാന്‍ നിലമ്പൂര്‍ വെളിയംതോടിലെ ഇന്ദിരാഗാന്ധി മെമോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ പടി കടന്നെത്തി. 16 ആണ് കുട്ടികളും 12 പെണ്‍കുട്ടികളുമാണ് ഇന്നലെ പ്രവേശനം നേടിയത്.
സ്കൂള്‍ കവാടത്തില്‍ പ്രധാനാധ്യാപികയുടെയും ഡിവിഷന് കൗണ്‍സിലറിന്റെയും പൊലിസ് ഉദ്യോഗസ്ഥരുടെയും ഐടിഡിപി ജീവനക്കാരുടെയും മുതിര്‍ന്ന കുട്ടികളുടെയും നേതൃത്വത്തില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് കുരുന്നുകളെ ക്ലാസ് മുറിയിലേക്ക് ആനയിച്ചത്. ആദ്യമൊന്നമ്പരന്നെങ്കിലും മിഠായിയും ബലൂണും പുസ്തകവുമായി സംഘാടകര്‍ എത്തിയതോടെ ഭയം മാറിയ മുഖങ്ങളില്‍ പുഞ്ചിരി വിടര്‍ന്നു.
പിന്നെ തങ്ങള്‍ക്ക് ലഭിച്ച പുസ്തകങ്ങളും മറ്റും വളരെ കരുതലോടെ ചേര്‍ത്ത് പിടിക്കുകയും ചെയ്തു. പലരും എത്തിയത് ഈ സ്കൂളിലെ പൂര്‍വവിദ്യാര്‍ഥികളായ മാതാപിതാക്കളോടൊപ്പമാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടിയിലേറെ കുട്ടികളാണ് സ്കൂള്‍ പ്രവേശനോത്സവത്തിനെത്തിയത്. ഉള്‍ക്കാട്ടിലെ ആദിവാസി കോളനികളില്‍ താമസിക്കുന്ന കുട്ടികളെ സ്കൂളിലെത്തിക്കാന്‍ അധ്യാപകരും ഐ.റ്റി.ഡി.പി. ജീവനക്കാരും പൊലിസും വനം ജീവനക്കാരും സാമൂഹിക പ്രവര്‍ത്തകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു.
അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ കുട്ടികള്‍ സ്കൂളിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഓരോ കോളനികളുടേയും ചാര്‍ജ്ജുള്ള ആദിവാസി പ്രമോര്‍ട്ടര്‍മാര്‍ മുഖേനയും വനം ജീവനക്കാര്‍ മുഖേനയും നേരത്തെ തന്നെ വിവരമറിയിച്ചാണ് സ്കൂള്‍ തുറക്കുന്ന അന്ന് തന്നെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ കഴിഞ്ഞത്. മുന്‍ വര്‍ഷം മികച്ച പരീക്ഷാഫലവും സ്കൂളിനുണ്ടായിരുന്നു. പ്രാക്തന ഗോത്രവര്‍ഗ വിഭാഗത്തിന് വേണ്ടി ജില്ലയില്‍ തന്നെയുള്ള ഏക റസിഡന്‍ഷ്യല്‍ സ്കൂളാണിത്. പ്രവേശനോത്സവം നഗരസഭ കൗണ്‍സിലര്‍ എന്‍ വേലുക്കുട്ടി ഉദ്ഘാടനം ചെയ്തു. ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ എ കൃഷ്ണന് അധ്യക്ഷനായി. പ്രധാനാധ്യാപിക ആര് സൗദാമിനി, എപിഒ അനന്തകൃഷ്ണന്, പ്രൊബേഷന്‍ എസ്ഐ അരുണ്‍, എസ്പിസി ഇന്‍സ്ട്രക്ടര്‍ മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."