വെങ്കിട്ടരാമന് ആശുപത്രിയില്‍ ഫൈവ്സ്റ്റാര്‍ പരിഗണന; മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്നതായി സംശയം, പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാദ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ശ്രീറാം വെങ്കിട്ടരാമിന് ആശുപത്രിയില്‍ ഫൈവ്സ്റ്റാര്‍ പരിഗണന. ആശുപത്രിയിലെ ഡീലക്‌സ് വിഭാഗത്തിലുള്ള 923ാം നമ്പര്‍ മുറിയില്‍ എ.സി, ടി.വി, മറ്റ് ആധുനിക സൗകര്യങ്ങള്‍ എന്നിവയോടു കൂടിയാണ് ഈ ഐ.എ.എസുകാരന്‍ കഴിയുന്നത്. പിതാവും കൂടെയുള്ളതായി സൂചനയുണ്ട്.
അതിനിടെ ഇയാളുടെ പേരിലുള്ള മൊബൈല്‍ നമ്പര്‍ ഇടക്കിടെ ഓണ്‍ലൈനില്‍ വരുന്നതും ദുരൂഹതയുണര്‍ത്തുന്നുണ്ട്. മൊബൈല്‍ ഉപയോഗിക്കുന്നത് ശരിയാണെങ്കില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫോണ്‍ ഉപയോഗിച്ചുവെന്ന ഗുരുതരമായ നിയമലംഘനമാണ് നടന്നിരിക്കുന്നത്. റൂമിന് പുറത്ത് പൊലിസ് കാവലുണ്ട്. ജാമ്യം ലഭിക്കുന്നത് വരെ ആശുപത്രിയില്‍ കഴിയാനുള്ള ശ്രമത്തിന് പൊലിസ് കൂട്ടുനില്‍ക്കുകയാണെന്ന ആക്ഷേപം നേരത്തേ ഉയര്‍ന്നിരുന്നു. ശ്രീറാമുമായി അടുപ്പമുള്ള ഡോക്ടര്‍മാര്‍ തന്നെയാണ് ഇയാളെ പരിചരിക്കുന്നത്. ഐ.എ.എസുകാരനെതിരേ നീങ്ങാന്‍ പൊലിസ് ഇനിയും മടിക്കുന്നതും തുടര്‍ നടപടികള്‍ക്ക് തടസമാവുന്നുണ്ട്.
അതേസമയം ആശുപത്രില്‍ പ്രതിക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന സംബന്ധിച്ച് പരിശോധിക്കുമെന്ന് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അന്യായമായ രീതിയിലാണ് ആശുപത്രിയില്‍ തുടരുന്നതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കുമെന്നും എത്ര ഉന്നതനായാലും നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് വൈകുന്നതിലും പ്രതിഷേധമുയരുന്നുണ്ട്. സംഭവം നടന്ന് രണ്ടാം ദിവസം ആകുമ്പോഴും ഒരാളുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരനായ ഐ.എ.എസ് ഉദ്യോഗസ്ഥനെതിരേ ഒരു വകുപ്പുതല നടപടിയും സ്വീകരിക്കാത്തതാണ് പ്രതിഷേധം വര്‍ധിപ്പിക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."