പ്രതിയെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമമെന്ന് സിറാജ് മാനേജ്‌മെന്റ്
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്നതായി സിറാജ് ദിനപത്രം പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതിക്കെതിരേ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങും. അന്വേഷണച്ചുമതല പ്രത്യേക സംഘത്തെ ഏല്‍പ്പിക്കണം. ശ്രീറാം വെങ്കിട്ടരാമനെ സര്‍വിസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണം. ഇയാളുടെ ആരോഗ്യസ്ഥിതി പരിശോധിക്കുന്നതിന് മെഡിക്കല്‍ സംഘത്തെ നിയോഗിക്കുകയും വേണം. തുടര്‍നടപടിയുണ്ടായില്ലെങ്കില്‍ സിറാജ് മാനേജ്‌മെന്റും ജീവനക്കാരും ഡി.ജി.പി ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും.
ശ്രീറാംവെങ്കിട്ടരാമനെ രക്ഷപ്പെടുത്തുന്നതിന് ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടലുകള്‍ ഉണ്ടാകുന്നുണ്ട്. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഇയാളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. നേരിട്ട് വരാതെ നിരവധിപേര്‍ പിന്തുണ നല്‍കുന്നുണ്ട്. പ്രതിയുടെ വിരലടയാളമെടുക്കാന്‍ സാധിച്ചില്ലെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. അപകടം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മ്യൂസിയം സ്റ്റേഷനിലെത്തിയപ്പോള്‍ പൊലിസുകാരുടെ പക്കല്‍ അപകടത്തിനിടയാക്കിയ കാറിന്റെ വിവരങ്ങള്‍ ഉള്‍പ്പെട്ട മോട്ടോര്‍വാഹനവകുപ്പിന്റെ രേഖകള്‍ ഉണ്ടായിരുന്നു. എന്നാല്‍ എഫ്.ഐ.ആറില്‍ അജ്ഞാത വാഹനം എന്ന രീതിയിലാണ് എഴുതിപ്പിടിപ്പിച്ചത്.
സംഭവസമയത്ത് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാതിരുന്ന ശ്രീറാമിന് പിന്നീട് നട്ടെല്ലിന് പരുക്കുണ്ടായിയെന്ന് പറയുന്നത് തട്ടിപ്പാണ്. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാമായിരുന്നിട്ടും മ്യൂസിയം പൊലിസ് അതിനുള്ള ജാഗ്രത കാണിച്ചില്ല.
ശ്രീറാം വെങ്കിട്ടരാമനുമായി കെ.എം ബഷീറിനോ സിറാജ് മാനേജ്‌മെന്റിനോ യാതൊരു മുന്‍വൈരാഗ്യവുമില്ല. സര്‍ക്കാരും ശ്രീറാമുമായുള്ള ഇഷ്ടാനിഷ്ടങ്ങളില്‍ സിറാജ് കക്ഷിയല്ലെന്നും അവര്‍ പറഞ്ഞു.
സിറാജ് തിരുവനന്തപുരം യൂനിറ്റ് ചെയര്‍മാന്‍ സെയ്ഫുദ്ദീന്‍ ഹാജി, റിപ്പോര്‍ട്ടര്‍ ശ്രീജിത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."