സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങള്‍ യു.ഡി.എഫ് എം.പിമാര്‍ ബഹിഷ്കരിക്കും
കോഴിക്കോട്: ഡല്‍ഹിയില്‍ കേരള സര്‍ക്കാരിന്റെ ലെയ്സണ്‍ ഓഫിസറായി നിയമിതനായ എ. സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളില്‍ യു.ഡി.എഫ് എം.പിമാര്‍ പങ്കെടുക്കില്ലെന്ന് കെ. മുരളീധരന് എം.പി.
ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും എം.പിമാര്‍ക്ക് ഇല്ലാത്ത കഴിവ് മുന്‍ എം.പിക്കുണ്ടോയെന്നും കെ. മുരളീധരന് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.കേരളത്തില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെയും രാജ്യസഭയിലുള്ള എളമരം കരീമിനെയും വിശ്വാസമില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട സമ്പത്തിനെ ഡല്‍ഹിയില്‍ കാബിനറ്റ് റാങ്കോടെ നിയമിച്ചത്. സര്‍ക്കാര്‍ പ്രവര്‍ത്തനം തുടങ്ങി മൂന്നുവര്‍ഷത്തിനുശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? സര്‍ക്കാര്‍ ഇതുവരെ എം.പിമാരുടെ യോഗം വിളിച്ചിട്ടില്ല.
തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ മാറ്റിനിര്‍ത്താനുള്ള നടപടി സമ്പത്തിന്റെ ഭാഗത്തുനിന്നുണ്ടായാല്‍ വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും. വ്യക്തിപരമായി സമ്പത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താന്‍.
എന്നാല്‍, അദ്ദേഹം ഇപ്പോള്‍ ഈ പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ല. ഒരുഭാഗത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറയുമ്പോഴും മറുഭാഗത്ത് ധൂര്‍ത്തടിക്കുകയാണ് സര്‍ക്കാര്‍.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് ഫണ്ട് നേടിയെടുക്കാന്‍ എം.പിമാര്‍ക്ക് അറിയാമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."