കോടതികളിലുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: 2016 ഡിസംബര്‍ 30നകം അന്വേഷണസംഘം പിടിച്ചെടുത്ത് കോടതികളില്‍ ഹാജരാക്കിയ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ ഓഫിസുകള്‍ മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശസാല്‍കൃത ബാങ്കുകള്‍ മുഖേനയോ മാറ്റിയെടുക്കാം.
ക്രിമിനല്‍ കേസുകളില്‍ തൊണ്ടിയായി കീഴ്‌ക്കോടതികളില്‍ സൂക്ഷിച്ചിരിക്കുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും പഴയ നോട്ടുകള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
കോടതികളിലുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മെയ് 12ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനവും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
കോടതി ഉത്തരവനുസരിച്ച് ഏതെങ്കിലും വ്യക്തിക്കാണ് അസാധു നോട്ടുകള്‍ ലഭിക്കുന്നതെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പും പണം പിടിച്ചെടുത്ത അന്വേഷണ ഏജന്‍സി നോട്ടിന്റെ സീരിയല്‍ നമ്പരടക്കം രേഖപ്പെടുത്തി നല്‍കിയ കുറിപ്പും ഹാജരാക്കിയാല്‍ മാറ്റിനല്‍കും.
നോട്ടുകളുടെ സീരിയല്‍ നമ്പര്‍ കോടതി ഉത്തരവിലും പരാമര്‍ശിച്ചിരിക്കണം. അസാധു നോട്ടുകള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളിലേക്ക് കണ്ടുകെട്ടണമെന്നാണ് ഉത്തരവെങ്കില്‍ വിധിയുടെ പകര്‍പ്പ് ഹാജരാക്കി മാറ്റിയെടുക്കാം.
കോടതി ഉത്തരവനുസരിച്ച് ആരുടെയെങ്കിലും കൈവശമുള്ള അസാധു നോട്ടുകള്‍ ഉത്തരവും അന്വേഷണ ഏജന്‍സിയുടെ റിപ്പോര്‍ട്ടും ഹാജരാക്കിയാല്‍ മാറ്റിനല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."