ചിനാര്‍ ചില്ലകളില്‍ കനക്കുന്ന അശാന്തിയുടെ പൊരുള്‍
ജമ്മുകശ്മിര്‍ ഇന്ത്യയോട് കൂട്ടിയോജിപ്പിച്ചതിനു ശേഷമുള്ള പ്രക്ഷുബ്ധതകള്‍ വിലയിരുത്തിയ ഒരു ബ്രിട്ടിഷ് സൈനിക ജനറല്‍ 1948ല്‍ പ്രവചിച്ചു; ഇത് ഇന്ത്യയുടെ സ്പാനിഷ് അള്‍സറായി മാറുമെന്ന്. താഴ്‌വരയെ വിവേകപൂര്‍വം കൈകാര്യം ചെയ്തില്ലെങ്കില്‍ നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന് യുദ്ധപരമ്പരകളില്‍ നഷ്ടപ്പെട്ടതിന് സമാനമായ ആള്‍നാശവും ഖജനാവ് നഷ്ടവും ഭാവിയില്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം താക്കീത് നല്‍കി. ആ താക്കീതുകള്‍ നെഹ്‌റു മുതല്‍ മോദി വരെയുള്ള ഇന്ത്യ ഭരിച്ചവര്‍ അവഗണിച്ചു. അതിന്റെ തിക്തഫലമാണ് 'ഭൂമിയിലെ സ്വര്‍ഗം' നരകമാക്കുന്നതില്‍ നാം വിജയിച്ചത്. സ്വാസ്ഥ്യം നഷ്ടപ്പെട്ട മണ്ണും മനുഷ്യരും കഴിഞ്ഞ ഏഴുപതിറ്റാണ്ടായി ഡല്‍ഹി ഭരണകൂടത്തില്‍നിന്ന് വിവേകപൂര്‍ണമായ ഒരു തീരുമാനത്തിനായി പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോഴിതാ, എരിതീയില്‍ എണ്ണയൊഴിക്കാന്‍ അശാന്തിയുടെ കാവിധ്വജവുമായി ആര്‍.എസ്.എസുകാര്‍ താഴ്‌വരയിലേക്ക് ഇരച്ചുകയറിയിരിക്കുന്നത്. ചരിത്രത്തോട് പ്രതികാരം ചെയ്യാന്‍ സംഘ്പരിവാര്‍ ശപഥമെടുത്തിട്ട് ഏഴുദശകങ്ങളായി.
എന്തുകൊണ്ട് കശ്മിരിനേട് ഇമ്മട്ടില്‍ പെരുമാറുന്നുവെന്ന ചോദ്യത്തിന് ഉത്തരം വ്യക്തം: രാജ്യത്തെ ഏക മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായിപ്പോയി ദോഗ്ര രജപുത്ര രാജാവ് ഹരിസിങ്ങിന്റെ ഈ പഴയ സാമ്രാജ്യം. രണ്ടാമതായി, ബി.ജെ.പിയുടെ മുന്‍ അവതാരമായ ജനസംഘത്തിന്റെ സ്ഥാപകന്‍ ഡോ.ശ്യാമപ്രസാദ് മുഖര്‍ജിയുടെ മരണം 1953 ജൂണ്‍ 23ന് സംഭവിച്ചത് കശ്മിര്‍ വിഷയത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റുവും ശൈഖ് അബ്ദുല്ലയും ചേര്‍ന്നുണ്ടാക്കിയ കരാറിനെതിരേ ഹിന്ദുത്വശക്തികളെ മുന്നില്‍ നിര്‍ത്തി നടത്തിയ പോരാട്ടവഴിയിലാണ് എന്നത് തന്നെ. ആര്‍.എസ്.എസിന്റെ വര്‍ഗീയ വേദപുസ്തകത്തില്‍ കുറിച്ചിടപ്പെട്ട ശാശ്വതമായ ഒരു അജണ്ടയാണ് 'കശ്മിരിന്റെ മോചനം'. ആരില്‍നിന്നാണ് മോചിപ്പിക്കേണ്ടത്? ജനാധിപത്യ ഇന്ത്യയില്‍നിന്ന്. ആ ലക്ഷ്യവുമായി സ്വാതന്ത്ര്യലബ്ധി തൊട്ട് ഹിന്ദുത്വശക്തികള്‍ രാഷ്ട്രീയ പട നയിക്കുകയാണ്. ഓരോ പൊതുതെരഞ്ഞെടുപ്പ് വരുമ്പോഴും ജമ്മുകശ്മിരിന് സവിശേഷ പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ഖണ്ഡിക റദ്ദാക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത് ശ്യാമപ്രസാദ് മുഖര്‍ജിയുടെ 'ബലിദാന'ത്തിന് പകരം വീട്ടാനാണ്.
സ്വാസ്ഥ്യം നഷ്ടപ്പെട്ട കശ്മിരിന്റെ വര്‍ത്തമാനകാല അന്തരീക്ഷം അതിപ്രക്ഷുബ്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാഷ്ട്രീയ അണിയറകളില്‍ എന്താണ് വേവിച്ചെടുക്കുന്നതെന്ന് ആര്‍ക്കുമറിയില്ല. താഴ്‌വരയുടെ ചുമതലയുള്ള ബി.ജെ.പി ജന.സെക്രട്ടറി (പഴയ ആര്‍.എസ്.എസ് വക്താവ് ) രാം മാധവിന്റെ കുബുദ്ധിയില്‍ പിറക്കുന്ന ഗൂഢാലോചനയില്‍ 370, 35 എ അനുച്ഛേദങ്ങള്‍ എടുത്തുകളയാനുള്ള നീക്കങ്ങളാണെന്നാണ് നിരീക്ഷകര്‍ അനുമാനിക്കുന്നത്. അത്തരമൊരു തീരുമാനമെടുത്താന്‍ സംഭവിക്കാവുന്ന ഭവിഷ്യത്തുകള്‍ മുന്നില്‍ കണ്ടാണ് സേനാവിന്യാസം ശക്തമാക്കിയതും വിനോദസഞ്ചാരികളോട് ശ്രീനഗര്‍ വിടാന്‍ ആജ്ഞാപിച്ചതും. 35,000 അര്‍ധ സൈനികരെ ഇതിനകം താഴ്‌വരയില്‍ വിന്യസിച്ചിട്ടുണ്ട്. ഇനി, കാല്‍ലക്ഷം പേര്‍ കൂടി എത്തുന്നുണ്ടത്ര. നേരത്തെ തന്നെ വിന്യസിച്ച ആറ് ലക്ഷത്തിലേറെ വരുന്ന സൈനികര്‍ക്ക് പുറമെയാണിത്.
അമര്‍നാഥ് തീര്‍ഥാടനം നിര്‍ത്തിവച്ചുകൊണ്ട് അതിവൈകാരികമായ ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ ഹിന്ദുത്വഭരണകൂടം പ്രദര്‍ശിപ്പിക്കുന്ന ജാഗ്രതക്ക് പിന്നില്‍ വലിയ രാഷ്ട്രീയമുണ്ട്. അമര്‍നാഥിലേക്കുള്ള വഴിയില്‍ പാകിസ്താന്‍ കുഴിബോംബ് വച്ചിട്ടുണ്ടത്ര. അതിര്‍ത്തി കാക്കുന്ന ലക്ഷക്കണക്കിന് സുരക്ഷാ സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് നമ്മുടെ വഴിത്താരകളില്‍ കുഴിബോംബ് നിക്ഷേപിക്കാന്‍ മാത്രം നിപുണത കാട്ടുന്ന ശത്രുരാജ്യത്തിന്റെ ഗൂഢനീക്കങ്ങള്‍ക്ക് മുന്നില്‍ നാം പരാജയപ്പെടുകയാണോ?
ചരിത്രത്തിന്റെ ഇടനാഴിയിലൂടെ
ചിനാര്‍ ചില്ലകളില്‍ കനക്കുന്ന അശാന്തിയുടെ പൊരുള്‍ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവണമെങ്കില്‍ താഴ്‌വരയുടെ ഇന്നലെകളിലേക്ക് ഒരോട്ട പ്രദക്ഷിണം നടത്തണം. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍, ദോഗ്ര രാജാവ് ഹരിസിങ് ഒരുപക്ഷത്തും ചേരാതെ ഇരുരാജ്യങ്ങളുമായി 'സ്റ്റാന്‍ഡ് സ്റ്റില്‍ എഗ്രിമെന്റ്'ഒപ്പുവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. എന്നാല്‍ രാജാവ് മനസില്‍ കണ്ടത് പോലെയല്ല സ്ഥിതിഗതികള്‍ മുന്നോട്ടുനീങ്ങിയത്. അതിര്‍ത്തിക്കപ്പുറത്തുനിന്ന് നുഴഞ്ഞുകയറിയ സായുധരായ ഗോത്രവര്‍ഗക്കാരുടെ മുന്നില്‍ രാജാവ് ഞെട്ടിവിറച്ചു. അതോടെ, ജയിലില്‍ കഴിയുന്ന 'കശ്മിര്‍ സിംഹം' ശൈഖ് അബ്ദുല്ലയെ മോചിപ്പിച്ച് രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് നെഹ്‌റുവും ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലും തീരുമാനിച്ചു.
അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള കടന്നുകയറ്റം താഴ്‌വരയുടെ നിയന്ത്രണം തന്നെ നഷ്ടപ്പെടുമെന്ന് ഭയന്ന് അപ്പോഴേക്കും ഹരിസിങ് രാജാവ് ഡല്‍ഹിയോട് സൈനിക സഹായം തേടി. ആദ്യം കശ്മിരിനെ ഇന്ത്യയോട് കൂട്ടിയോജിപ്പിക്കുന്ന കരാര്‍ ഒപ്പിടട്ടെ എന്നായി ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു. അങ്ങനെയാണ് ഇന്ത്യക്ക് കശ്മിരിനെ കൈമാറുന്ന 'ഇന്‍സ്ട്രുമെന്റ് ഓഫ് അക്‌സെഷനില്‍' ഒപ്പ് വയ്ക്കുന്നത്. അതോടെ കശ്മിരിന്റെ ഭാഗധേയം നിര്‍ണയിച്ച കുറെ സംഭവവികാസങ്ങള്‍ കെട്ടഴിഞ്ഞുവീണു. ശൈഖ് അബ്ദുല്ല കശ്മിര്‍ പ്രധാനമന്ത്രിയായി. രാജാവ് ഹരിസിങ് സദറെ റിയാസത്ത് എന്ന പേരിലും അറിയപ്പെട്ടു. അഞ്ചുമാസത്തെ നിരന്തര ചര്‍ച്ചകള്‍ക്കും ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ് ഭായി പട്ടേലിന്റെ ഇടപെടലുകള്‍ക്കും ശേഷം ഉരുത്തിരിഞ്ഞുവന്ന വ്യവസ്ഥകള്‍ ഭരണഘടനയുടെ ഭാഗമായി എഴുതിച്ചേര്‍ത്തു. അതാണ് 370ാം ഖണ്ഡിക. 1951 നവംബറില്‍ ജമ്മുകശ്മിര്‍ ഭരണഘടനാ നിര്‍മാണ സഭ ആദ്യമായി ചേരുന്നത് 370ാം ഖണ്ഡികക്ക് അംഗീകാരം നല്‍കാനാണ്. 1952ലെ നെഹ്‌റു -ശൈഖ് അബ്ദുല്ല കരാറാണ് പിന്നീട് ഇന്ത്യയും ജമ്മുകശ്മിരും തമ്മിലുള്ള ബന്ധം നിര്‍വചിച്ചതും കേന്ദ്രഗവണ്‍മെന്റിന് കശ്മിരിന്റെ മേലുള്ള അധികാരം നിര്‍ണയിച്ചതും. ഇതനുസരിച്ച് മൂന്നു പ്രധാനവിഷയങ്ങളില്‍ (പ്രതിരോധം, വിദേശകാര്യം, വാര്‍ത്താവിനിമയം) മാത്രമായിരിക്കും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടായിരിക്കുക. ബാക്കിയെല്ലാ വിഷയങ്ങളും സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയിലായിരിക്കും. ഇരുപക്ഷവും പരസ്പരം അനുമതിയില്ലാതെ ഈ വ്യവസ്ഥകളില്‍ മാറ്റമുണ്ടാക്കാന്‍ പാടില്ലെന്നും കരാറില്‍ പറയുന്നുണ്ട്.
ഹിന്ദുത്വ അജണ്ട വായിക്കുമ്പോള്‍
ഔദ്യോഗിക കരാറിലൂടെ ഇന്ത്യന്‍ യൂനിയനില്‍ അംഗമായ ഏക സംസ്ഥാനം ജമ്മുകശ്മിരാണ്. താഴ്‌വരയെ ഇന്ത്യന്‍ യൂനിയനുമായി കൂട്ടിയോജിപ്പിക്കുന്ന നാഭീനാള ബന്ധമാണ് 370ാം ഖണ്ഡിക. ഈ ഖണ്ഡിക എടുത്തുമാറ്റണമെന്ന് സംഘ്പരിവാര്‍ ആവശ്യപ്പെടുന്നത് ചരിത്രവും വര്‍ത്തമാനകാല യാഥാര്‍ഥ്യങ്ങളും വിസ്മരിച്ചാണ്. ഒരു മുസ്‌ലിം ഭൂരിപക്ഷപ്രദേശത്തിന് പ്രത്യേക പദവി നല്‍കുന്നതിലുള്ള അസഹിഷ്ണുതക്കപ്പുറം കൂടുതലൊന്നും വായിക്കാനാവില്ല. മറ്റൊരു സംസ്ഥാനത്തിനും കശ്മിരിനെ പോലെ പ്രത്യേക പദവി നല്‍കിയിട്ടില്ല എന്നത് ദുഷ്പ്രചാരണമാണ്. 371ാം ഖണ്ഡികയുടെ എ മുതല്‍ ജി വരെയുള്ള വകുപ്പുകള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് സവിശേഷാധികാരങ്ങള്‍ വകവച്ചുനല്‍കുന്നുണ്ട്. 370ാം ഖണ്ഡിക മുഖാന്തരമാണ് ഭരണഘടനയുടെ ഒന്നാം ഖണ്ഡികയില്‍ പറയുന്ന വ്യവസ്ഥകള്‍ ജമ്മുകശ്മിരിനും ബാധകമാവുന്നത്. ഇത് എടുത്തുമാറ്റുന്നതോടെ ജമ്മുകശ്മിര്‍ സ്വതന്ത്ര രാജ്യമായി മാറുമെന്നുവരെ വിലയിരുത്തുന്നവരുണ്ട്. കശ്മിരുമായി ഇന്ത്യ ഉണ്ടാക്കിയ കരാര്‍ പുതുക്കാന്‍ ജമ്മുകശ്മിരില്‍ ഭരണഘടനാ നിര്‍മാണ സഭ ഇല്ലാത്തതുകൊണ്ട് ആ വഴിക്കുള്ള ചിന്തപോലും അപ്രസക്തമാണെന്ന വാദമുണ്ട്.
അതേസമയം, കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ സ്ഥാനത്ത് നിലവിലെ സംസ്ഥാന നിയമസഭ മതി എന്ന അഭിപ്രായം സ്വീകരിച്ചാല്‍ തന്നെ, കശ്മിര്‍ നിയമസഭയുടെ അംഗീകാരമില്ലാതെ, പ്രസിഡന്റിന് ഒരു നടപടിയും എടുക്കാന്‍ സാധിക്കില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കശ്മിരികളുടെ സമ്മതമില്ലാതെ ഒരിക്കലും പ്രത്യേക പദവി എടുത്തുകളയാനാവില്ലെന്ന് ചുരുക്കം. ജമ്മുകശ്മിരിന്റെ സവിശേഷ പദവി ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട് ആണെന്ന് സുപ്രിംകോടതി ഇതിനകം വിധിച്ചുണ്ട്. പ്രായോഗിക തലത്തില്‍ വിവാദ ഖണ്ഡികയുടെ കാതല്‍ മുഴുവന്‍ ഡല്‍ഹി ഭരണകൂടം ഇതിനകം ചോര്‍ത്തിയെടുത്തിരിക്കയാണ്. ഭരണഘടനയിലെ 395 ഖണ്ഡികകളില്‍ 260ഉം താഴ്‌വരയില്‍ ബാധകമാണ്. ബാക്കി വരുന്ന 135ഖണ്ഡികകള്‍ ഇന്ത്യന്‍ ഭരണഘടനയിലേതിന് സമാനമാണ്താനും. അതുപോലെ, യൂനിയന്‍ ലിസ്റ്റില്‍പെട്ട 97ല്‍ 94 വിഷയങ്ങളും, കണ്‍കറന്റ് ലിസ്റ്റിലെ 47ല്‍ 26 വിഷയങ്ങളും കശ്മിരിനും ബാധകമാക്കിയിട്ടുണ്ട്.
370ാം അനുച്ഛേദം എടുത്തുകളയുക എന്നത് ആര്‍.എസ്.എസിന്റെ സ്വപ്നമാണ്. 2014ല്‍ നരേന്ദ്രമോദി അധികാരമേറ്റെടുത്ത ഉടന്‍ ഉദ്ദംപൂരില്‍നിന്നുള്ള എം.പിയും പ്രധാനമന്ത്രിയുടെ കീഴില്‍ സഹമന്ത്രിയുമായ ഡോ. ജിതേന്ദ്രസിങ് നടത്തിയ ഒരു പരാമര്‍ശം വിവാദങ്ങള്‍ക്ക് വഴിവച്ചു. ഭരണഘടനയുടെ 370ാം അനുച്ഛേദം ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തിവയ്ക്കുന്നതെന്നും അതുകൊണ്ട് അത് എടുത്തുകളയുന്നതിന് ബന്ധപ്പെട്ടവരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നുമായിരുന്നു അദ്ദേഹം വെടിപൊട്ടിച്ചത്. പിന്നീട് ഉത്തരവാദപ്പെട്ടവര്‍ അത് നിഷേധിച്ചെങ്കിലും തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളെല്ലാം ആ ലക്ഷ്യപൂര്‍ത്തീകരണം ഹിന്ദുത്വഅജണ്ടയില്‍നിന്ന് എഴുതിത്തള്ളിയിട്ടില്ലെന്ന് തെളിയിച്ചു.
ഈയിടെ,ബി.ജെ.പിയുടെ കശ്മിര്‍ സമിതി പ്രത്യേകയോഗം ചേര്‍ന്നു എടുത്ത തീരുമാനത്തിന്റെ അനന്തരഫലമാണ് മോദിസര്‍ക്കാരിന്റെ പുതിയ നീക്കങ്ങള്‍. 370ാം ഖണ്ഡികയോടൊപ്പം 35എ അനുച്ഛേദവും എടുത്തുമാറ്റണമെന്ന് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത് മേഖലയുടെ ജനസംഖ്യാസന്തുലനം അട്ടിമറിച്ച് പുറമെ നിന്നുള്ളവരെ താഴ്‌വരയില്‍ വന്‍ തോതില്‍ കുടിയിരുത്താനാണ്.
കശ്മിരിന്റെ രാഷ്ട്രീയ സ്വയംഭരണം നിര്‍ണയിക്കാനുള്ളതാണ് 370ാം ഖണ്ഡികയെങ്കില്‍ കശ്മിരികളുടെ പൗരാണിക അവകാശങ്ങള്‍ പരിരക്ഷിക്കാനുള്ളതാണ് 35എ അനുച്ഛേദം. ഭൂമിയുടെയും തൊഴിലിന്റെയും മേലുള്ള ഈ അവകാശം 'കശ്മിരിയത്ത് ' കാത്തുസൂക്ഷിക്കാനുള്ള സുചിന്തിതമായ വ്യവസ്ഥയാണ്. ദോഗ്രരാജാക്കന്മാരുടെ കാലത്ത് ബ്രിട്ടിഷുകാര്‍ക്ക് പോലും സ്ഥലം വാങ്ങാനോ വീട് പണിയാനോ അനുമതി നല്‍കിയിരുന്നില്ല. നാഗാലാന്‍ഡിലും മിസോറമിലും സമാനമായ നിബന്ധനകളുണ്ടെങ്കിലും സംഘ്പരിവാര്‍ ആ ഭാഗത്തേക്ക് നോക്കി ഒച്ചവയ്ക്കാറില്ല. 35എ ഖണ്ഡിക എടുത്തുകളയണമെന്നാവശ്യപ്പെട്ട് ഇതിനകം പരമോന്നത നീതിപീഠത്തെ സമീപിച്ചിട്ടുണ്ട്. പക്ഷേ, അത് എടുത്തുമാറ്റാന്‍ പാര്‍ലമെന്റിനോ പ്രസിഡന്‍ഷ്യല്‍ ഉത്തരവിനോ സുപ്രിംകോടതിക്കോ അധികാരമില്ല എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കശ്മിരിനെ ഇക്കാണുംവിധം നിലനിര്‍ത്താന്‍ ഹിന്ദുത്വവാദികളുടെ പ്രതികാരബുദ്ധി അനുവദിക്കില്ലെന്നുറപ്പ്. ഭരണഘടനാ വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കശ്മിരിനെ മൂന്നായി വിഭജിച്ച് ദുര്‍ബലമാക്കാം എന്ന ഗൂഢലക്ഷ്യത്തോടെയാവും അടുത്ത കരുനീക്കങ്ങള്‍. അതുകൊണ്ടാണ് ടൂറിസം സീസണ്‍ തുടങ്ങിയ ഈ നല്ല സമയത്തുതന്നെ വിനോദസഞ്ചാരികളെ മുഴുവന്‍ ആട്ടിയോടിച്ച് നാഗ്പൂരിലെ കുനിഷ്ട്ബുദ്ധികള്‍ വിപദ്കരമായ ചുവടുവയ്പുകള്‍ക്ക് തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."