ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി
തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് അവധി വീണ്ടും നീട്ടി. ഒരുമാസത്തെ അവധിക്കുകൂടി അപേക്ഷിച്ച് ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് ഇന്നലെ കത്തുനല്‍കുകയായിരുന്നു. വ്യക്തിപരമായ കാരണത്താല്‍ അവധിയെടുക്കുന്നുവെന്നാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. അവധി കഴിഞ്ഞ് ഇന്നലെയാണ് ജോലിയില്‍ പ്രവേശിക്കേണ്ടിയിരുന്നത്.
ഇത് രണ്ടാം തവണയാണ് ജേക്കബ് തോമസ് അവധി നീട്ടുന്നത്. ഒരു മാസത്തെ അവധിയില്‍ പ്രവേശിച്ച ജേക്കബ് തോമസ് പിന്നീട് ഒരുമാസം കൂടി നീട്ടിയിരുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശമനുസരിച്ചാണ് അവധിയില്‍ പ്രവേശിച്ചത്. തിരിച്ചെത്തുന്ന ജേക്കബ് തോമസിനെ ഏതു പദവിയില്‍ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല.
ഇതിന്റെ ഭാഗമായി സര്‍ക്കാരാണ് അവധി നീട്ടാന്‍ നിര്‍ദേശം നല്‍കിയതെന്നാണ് വിവരം. ഹൈക്കോടതിയില്‍നിന്നുള്ള തുടര്‍ച്ചയായ വിമര്‍ശനവും ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പ്രതിഷേധവും സി.പി.എമ്മിലെ ഒരുവിഭാഗത്തിന്റെ എതിര്‍പ്പും കണക്കിലെടുത്താണ് ജേക്കബ് തോമസിനെ വിജിലന്‍സ് ഡറരക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയത്. തുടര്‍ന്ന് ലോക്‌നാഥ് ബെഹ്‌റയ്ക്ക് പകരം ചുമതല നല്‍കുകയായിരുന്നു.
സെന്‍കുമാര്‍ സുപ്രിംകോടതി വിധിയിലൂടെ പൊലിസ് മേധാവിയായപ്പോള്‍ ബെഹ്‌റയെ വിജിലന്‍സ് ഡയരക്ടറായി നിയമിക്കുകയും ജേക്കബ് തോമസിന് ഒരുമാസം കൂടി അവധി അനുവദിക്കുകയും ചെയ്തു. സെന്‍കുമാര്‍ ജൂണ്‍ 30ന് വിരമിക്കുന്നതുവരെയാണ് അവധിയില്‍ തുടരാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം കാട്ടാക്കടയിലെ സിദ്ധാശ്രമത്തില്‍ കഴിയുന്ന ജേക്കബ് തോമസ് സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന തന്റെ വിവാദ പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിന്റെ പണിപ്പുരയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."